ശ്രീനിവാസന്‍ തന്നോട് പറഞ്ഞ, ഇതുവരെ എവിടേയും പറഞ്ഞിട്ടില്ലാത്ത നിര്‍ദ്ദേശം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

ശ്രീനിവാസന്‍ തന്നോട് പറഞ്ഞ, ഇതുവരെ എവിടേയും പറഞ്ഞിട്ടില്ലാത്ത ഒരു നിര്‍ദ്ദേശം വെളിപ്പെടുത്തുകയാണ് സത്യന്‍ അന്തിക്കാട് ഇപ്പോൾ. തന്റെ പേരില്‍ ഒരു സ്മാരമകങ്ങളും ഉണ്ടാക്കരുത്. ഒരു അവാര്‍ഡ് പോലും ഏര്‍പ്പെടുത്തരുത്. ഒരു ബസ് സ്‌റ്റോപ്പിനും തന്റെ പേരിടരുത് എന്നാണ് ശ്രീനിവാസന്‍ പറഞ്ഞിട്ടുള്ളത്. ഇക്കാര്യങ്ങള്‍ താന്‍ ഇതുവരേയും ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

മാതൃഭൂമി ക ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്. ശ്രീനി തനിക്ക് സുഹൃത്ത് മാത്രമായിരുന്നില്ല, ഗുരുനാഥന്‍ കൂടിയായിരുന്നുവെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്.

‘ശ്രീനിവാസന്‍ കൂടിയുണ്ടാകുമ്പോഴാണ് ഞാന്‍ പൂര്‍ണനാകുന്നത്. അങ്ങനെയാണ് കുറേ വര്‍ഷങ്ങളായി. അസുഖമായ ശേഷവും രണ്ടാഴ്ച കൂടുമ്പോള്‍ ഞാന്‍ പോയി കാണാറുണ്ട്. ഒരു ദിവസം മുഴുവന്‍ കൂടെയിരിക്കും. അതൊരു ധൈര്യമാണ്. ശ്രീനിവാസന്‍ എഴുത്തുകാരന്‍ മാത്രമായിരുന്നില്ല. എനിക്ക് ഗുരുനാഥനുമാണ്. സുഹൃത്തും ഗുരുനാഥനുമാണ് എനിക്ക് ശ്രീനി’യെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.

മമ്മൂട്ടിയോ മോഹൻലാലോ ഹീറോ പരിവേഷമില്ലാതെ നമ്മുടെ അയൽപക്കത്തെ പയ്യനായി മാറിയത് ശ്രീനിവാസൻ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ സിനിമകളിലൂടെയായിരുന്നു. തൊഴിലില്ലായ്മയാൽ വലയുന്ന ദാസനും വിജയനും (നാടോടിക്കാറ്റ്), ഗൾഫിൽ നിന്ന് വന്ന് നാട്ടിൽ ജീവിക്കാൻ കഷ്ടപ്പെടുന്ന മുരളി (വരവേൽപ്പ്) എന്നിവരെല്ലാം മലയാളി യുവാക്കളുടെ പ്രതിനിധികളായിരുന്നു.

ശ്രീനിവാസന്റെ തിരക്കഥകളിൽ ഒളിഞ്ഞിരിക്കുന്ന മൂർച്ചയുള്ള പരിഹാസം സത്യൻ അന്തിക്കാട് എന്ന സംവിധായകൻ വളരെ ലളിതമായി ദൃശ്യവൽക്കരിച്ചു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, തളയണ മന്ത്രം, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങൾ ഇന്നും ടെലിവിഷനിൽ കാണുമ്പോൾ മലയാളിക്ക് മടുക്കാത്തത് അതിലെ സത്യസന്ധത കൊണ്ടാണ്.