സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് നാളെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്നത്. ക്ഷേമ പെൻഷൻ വർധനയും സർക്കാർ ജീവനക്കാർക്ക് ഡിഎ കുടിശിക വിതരണവും അടക്കമുള്ളവ ബജറ്റിലുണ്ടാകും. ശമ്പളത്തിന്റെ പകുതിയെങ്കിലും പെൻഷൻ തുക ഉറപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങൾ ബജറ്റിൽ ഉണ്ടായേക്കും.

ക്ഷേമപെൻഷൻ 2500 രൂപ മുതൽ 3000 രൂപ വരെ വർധിപ്പിക്കാൻ ഇടയുണ്ട്. ഓരോ വർഷവും നിശ്ചിത തുക വീതമുള്ള വർധനവാണ് സർക്കാർ പരിഗണനയിലുള്ളത്. മൂന്നാം വട്ടവും ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കഴിയുന്നത്ര ജനകീയ പ്രഖ്യാപനങ്ങൾ നടത്താനാണു ധനമന്ത്രി ഒരുങ്ങുന്നത്.

അവസാന ബജറ്റിൽ ജനക്ഷേമപരവും ജനോപകാരപ്രദവുമായ പദ്ധതി ഉണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. മാജിക് ഒന്നും കരുതിവയ്ക്കുന്നില്ല. എന്നാൽ, കേരളത്തിന് താത്പര്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തും. കേരളത്തോട് രാഷ്ട്രീയപരമായ വിവേചനമാണ് കേന്ദ്രം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന 2025ലെ സാമ്പത്തിക അവലോക റിപ്പോര്‍ട്ട് ധനമന്ത്രി ഇന്ന് (28-01-2026 ) നിയമസഭയില്‍ സമര്‍പ്പിച്ചു . നടപ്പ് വര്‍ഷത്തെ സാമ്പത്തിക സ്ഥിതിവിവര കണക്കുകളും ഇതോടൊപ്പം സഭയുടെ പരിഗണനയ്ക്ക് എത്തും.
