കൊച്ചിയിൽ മുഹമ്മദ് ഷിയാസ് യുഡിഎഫ് സ്ഥാനാർഥി. വൈപ്പിനിൽ ലത്തീൻ സഭാംഗം? അതാരായിരിക്കും?

കൊച്ചി നിയമസഭ മണ്ഡലത്തിൽ മുഹമ്മദ് ഷിയാസ് യുഡിഎഫ് സ്ഥാനാർഥി. കോൺഗ്രസ് എറണാകുളം ജില്ല അധ്യക്ഷനാണ് അദ്ദേഹം. കേരളത്തിലെ മികച്ച ഡിസിസി പ്രസിഡന്റ് എന്ന് വിശേഷിക്കപ്പെടുന്ന കോൺഗ്രസിലെ യുവരക്തമാണ് ഷിയാസ്.

കൊച്ചിയിൽ 2016 ൽ സിറ്റിംഗ് എംഎൽഎ ഡൊമിനിക് പ്രസന്റേഷനെ പരാജയപ്പെടുത്തിയാണ് സിപിഎമ്മിലെ കെ ജെ മാക്സി നിയമസഭയിൽ ആദ്യമായി എത്തിയത്. 2021 ൽ കെ ജെ മാക്സി രണ്ടാമതും ഇവിടെ നിന്നും വിജയിച്ചു.അന്ന് കൊച്ചി മേയർ ടോണി ചമ്മിണിയെയാണ് കെജെ മാക്സി പരാജയപ്പെടുത്തിയത്.

യുഡിഎഫിനു വൻ സ്വാധീനമുള്ള മണ്ഡലമാണിത്. 2010 ലാണ് മട്ടാഞ്ചേരി മണ്ഡലം കൊച്ചിയായത്. മട്ടാഞ്ചേരി മണ്ഡലമായിരുന്നപ്പോൾ മിക്കവാറും മുസ്ലിം ലീഗ് സ്ഥാനാര്ഥികളാണ് മത്സരിച്ചിരുന്നത്. കൊച്ചി മണ്ഡലമായപ്പോൾ ക്രൈസ്‌തവർക്ക് സ്വാധീനമുള്ള മണ്ഡലമായി മാറുകയാണുണ്ടായത്. 2011 ൽ ആദ്യം കൊച്ചിയിൽ ജയിച്ചത് ഡൊമിനിക് പ്രസന്റേഷൻ ആയിരുന്നു. 2025 ലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ 9273 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിനുണ്ട്. അതിനാൽ കൊച്ചിയിൽ യുഡിഎഫ് വിജയിക്കാനാണ് സാധ്യത. അതേസമയം 10 വർഷം എംഎൽഎയായതിനാൽ കെ ജെ മാക്‌സി മണ്ഡലത്തിൽ സുപരിചിതനും ജനകീയനുമാണ്. അദ്ദേഹത്തെ തോൽപ്പിക്കണമെങ്കിൽ യുഡിഎഫിന് നല്ലപോലെ വിയർപ്പൊഴുക്കേണ്ടി വരും.

യുഡിഎഫിന് വൻ സ്വാധീനമുള്ള ഈ മണ്ഡലത്തിൽ എൽഡിഎഫിൽ നിന്നും തിരിച്ചു പിടിക്കാൻ വേണ്ടിയാണ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കാനുള്ള നീക്കം നടത്തുന്നത്. ഈ നീക്കത്തിന് പിന്നിൽ വി ഡി സതീശനാണ്. സതീശനുമായി അടുപ്പം സൂക്ഷിക്കുന്ന യുവ നേതാവാണ് ഷിയാസ്. കൊച്ചിയിൽ യുഡിഎഫിന്റെ സ്ഥാനാർഥി മുസ്ലിം വിഭാഗത്തിൽ നിന്നായാൽ ലത്തീൻ സഭ എതിർക്കാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.മാക്സി ലത്തീൻ വിഭാഗക്കാരനാണ്. ഇത്തരം ധ്രൂവീകരണം സംഭവിച്ചാൽ ഭൂരിപക്ഷ ധ്രൂവീകരണവും ഇവിടെ നടന്നാൽ ബിജെപി വലിയ തോതിൽ വോട്ട് സമാഹരിക്കും.

നേരത്തെ ഷിയാസ് കളമശ്ശേരിയിൽ മന്ത്രി പി രാജീവിനെതിരെ മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാലിപ്പോൾ കൊച്ചിയിൽ അദ്ദേഹം മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മുഹമ്മദ് ഷിയാസ് വൈപ്പിൻ സീറ്റ് ലത്തീൻ കത്തോലിക്ക വിഭാഗത്തിനു നൽകേണ്ടി വന്നേക്കാം. ലോകസഭംഗങ്ങൾക്ക് മത്സരിക്കാൻ അനുമതി ലഭിച്ചാൽ ഹൈബി ഈഡൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും. അല്ലെങ്കിൽ മനു ജേക്കബ്. മനു ജേക്കബ് മുൻ മന്ത്രിയും മുൻ കെപിസിസി പ്രസിഡന്റ് എ എൽ ജേക്കബിന്റെ മകനായ ലിനോ ജേക്കബിന്റെ മകനാണ്. ലിനോ ജേക്കബ് നേരത്തെ കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവായിരുന്നു. അദ്ദേഹത്തിന്റെ മകനായ മനു ജേക്കബ് കഴിഞ്ഞ തവണ കൊച്ചി കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു. ഇത്തവണ തോറ്റുപോയി.

രണ്ടു തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന നിബന്ധന സിപിഎമ്മിലുണ്ട്. കെ ജെ മാക്‌സിക്ക് പാർട്ടി ഇളവ് നൽകിയാൽ അദ്ദേഹം തന്നെയായിരിക്കും കൊച്ചിയിൽ എൽഡിഎഫ് സ്ഥാനാർഥി.