ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്കയുടെ പിന്മാറ്റം; ആഗോള ആരോഗ്യ സുരക്ഷയെ എങ്ങനെ ബാധിക്കും

ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള തങ്ങളുടെ പിന്മാറ്റം അമേരിക്ക ഔദ്യോഗികമായി പൂർത്തിയാക്കി. ഒരു വർഷം മുമ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.ഇന്നാണ് (23-01ഖ്-2026) അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ആരോഗ്യ-മനുഷ്യ സേവന വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചത്.

ലോകാരോഗ്യ സംഘടന അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായും ഉത്തരവാദിത്തം, സുതാര്യത, പരിഷ്കരണം എന്നിവയിൽ പരാജയപ്പെട്ടതായും യുഎസ് ഭരണകൂടം കുറ്റപ്പെടുത്തി. കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഘടന വരുത്തിയ വീഴ്ചകളെ വൈറ്റ് ഹൗസ് രൂക്ഷമായി വിമർശിച്ചു. അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിൽ ലോകാരോഗ്യ സംഘടന കാലതാമസം വരുത്തിയെന്നും ഇത് അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും യുഎസ് അറിയിച്ചു.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ സാമ്പത്തിക സഹായം നൽകുന്നത് അമേരിക്കയാണെന്ന് ഭരണകൂടം ചൂണ്ടിക്കാട്ടി. 2024-2025 കാലയളവിൽ 270 മില്യൺ ഡോളറിലധികം കുടിശ്ശികയായി യുഎസ് നൽകാനുണ്ടെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇത് നിയമപരമായി നൽകാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നാണ് യുഎസ് നിലപാട്.

ലോകാരോഗ്യ സംഘടനയുടെ ഭാഗമല്ലെങ്കിലും ആഗോള ആരോഗ്യ മേഖലയിൽ തങ്ങളുടെ ഇടപെടൽ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. മറ്റ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള ഉഭയകക്ഷി കരാറുകൾ വഴിയും സ്വന്തം ഏജൻസികൾ വഴിയും രോഗപ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് യുഎസ് ലക്ഷ്യമിടുന്നത്. നിലവിൽ 63 രാജ്യങ്ങളിലായി അമേരിക്കൻ ആരോഗ്യ വകുപ്പിന് കീഴിൽ രണ്ടായിരത്തിലധികം ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്.

അമേരിക്കയുടെ പിന്മാറ്റം ആഗോള ആരോഗ്യ സുരക്ഷയെ ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധികൾ അതിർത്തികൾ മാനിക്കാറില്ലെന്നും, ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം എബോള, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങളുടെ നിരീക്ഷണത്തെ ദോഷകരമായി ബാധിക്കുമെന്നും ഇൻഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്ക ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ പിന്മാറ്റം സംബന്ധിച്ച് ഫെബ്രുവരിയിൽ നടക്കുന്ന എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ ലോകാരോഗ്യ സംഘടന വിശദമായി ചർച്ച ചെയ്യും. നിലവിൽ സംഘടനയിലേക്ക് തിരിച്ചുപോകാനോ നിരീക്ഷക പദവി സ്വീകരിക്കാനോ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.