ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം അനുവദിച്ചു.

അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. തന്ത്രിയുടെ റിമാൻഡ് 14 ദിവസം കൂടി നീട്ടി. രണ്ട് കേസുകളിലും മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയിരുന്നു. ജാമ്യാപേക്ഷകളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.

നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ 14 ദിവസ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതിയുടെ റിമാൻഡ് നീട്ടി വാങ്ങും. ജനുവരി 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ശബരിമലയിൽ നടന്നത് അയ്യപ്പൻ്റെ സ്വത്ത് പ്രതികൾ കൂട്ടംചേർന്ന് കൊള്ളയടിച്ച കൂട്ടക്കവർച്ചയാണെന്നും ക്ഷേത്രത്തിൽ നടന്നത് ആസൂത്രിതമായ കൊള്ളയാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ എംഎൽഎ എ പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ അതിരൂക്ഷമായ വിമർശനം.

ക്ഷേത്രത്തിലെ കട്ടിളപ്പടി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിൽ നിന്നായി 4147 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. ഇതിൽ ബെല്ലാരിയിലെ ഗോവർധൻ്റെ പക്കൽ നിന്ന് 474.96 ഗ്രാം സ്വർണം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ബാക്കി സ്വർണം എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അയ്യപ്പൻ്റെ സ്വത്ത് സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളക്കാരായി മാറിയ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയ രേഖകളിൽ നിന്ന് കൂട്ടക്കവർച്ച പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 1998 – 99 കാലഘട്ടത്തിൽ വിജയ് മല്യയുടെ നേതൃത്വത്തിൽ സമർപ്പിച്ച സ്വർണപ്പാളികൾ അയ്യപ്പ വിഗ്രഹങ്ങളിലും കട്ടിളപ്പടിയിലും പൊതിഞ്ഞിരുന്നു. എന്നാൽ 2019ൽ ഇവ മാറ്റിയപ്പോൾ കൃത്യമായ അളവ് രേഖപ്പെടുത്താതെയാണ് കൈകാര്യം ചെയ്തതെന്ന് കോടതി വിമർശിച്ചു.
