സിപിഎം നിരീക്ഷകർ പാർട്ടി വിട്ടു പോകുകയാണോ? റെജി ലൂക്കോസ്, ഹസ്‌ക്കർ എന്നിവർക്ക് പിന്നാലെ കെ ജെ ജേക്കബ്ബ്

സിപിഎം നിരീക്ഷകർ പാർട്ടി വിട്ടു പോകുകയാണോ എന്ന് സംശയിക്കപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. റെജി ലൂക്കോസ് എന്ന നിരീക്ഷകനാണ് പെട്ടെന്നൊരു ദിവസം സിപിഎം വിട്ട് ബിജെപിയിൽ ചേക്കേറിയത്.തലേദിവസം വരെ അദ്ദേഹം സിപിഎമ്മിന്റെ ചെയ്തികളെ ചാനലിരുന്ന് ന്യായീകരിച്ചതാണ്.റെജിയുടെ കൂടുമാറ്റമാണ് കേരളത്തെ മാത്രമല്ല സിപിഎം നേതാക്കളെ പോലും ഞെട്ടിച്ചത്. സാധാരണ നിലയിൽ എന്തൊക്കെ സംഭവിച്ചാലും ഞെട്ടി തരിക്കാത്തവരാണ് സിപിഎം നേതാക്കൾ.പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന പ്രത്യയശാസ്ത്രത്തിൽ അവർ വിശ്വസിക്കുന്നവരാണ് .

റെജി ലൂക്കോസ്

റെജിക്ക്‌ പിന്നാലെ മറ്റൊരു നിരീക്ഷകനായ ഹസ്‌ക്കറും പാർട്ടി വിട്ടതായാണ് സൂചന. ചാനൽ ചർച്ചയിൽ ഇടതു നിരീക്ഷകനായ ഹസ്‌ക്കർ പാർട്ടിയെ ചെറുതായി വിമർശിച്ചപ്പോൾ അദ്ദേഹത്തിനെതിരെ പാർട്ടി തിരിഞ്ഞു. അതോടെ ഇനി മുതൽ താൻ ഇടതു നിരീക്ഷകനല്ലെന്നും രാഷ്ട്രീയ നിരീക്ഷകനാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ഹസ്‌ക്കർ

ഇപ്പോൾ മറ്റൊരു ഇടതു നിരീക്ഷകനും മാധ്യമപ്രവർത്തകനുമായ കെ ജെ ജേക്കബ്ബും പാർട്ടി വിട്ടു പോകുമെന്ന സൂചന നൽകുകയാണ്.അദ്ദേഹം സിപിഎമ്മിനെതിരെ ചില വിമർശനങ്ങൾ ഫേസ് ബുക്കിലൂടെ ഉന്നയിച്ചു. അദ്ദേഹത്തെയും പാർട്ടി തള്ളിപ്പറയുമോയെന്നറിയില്ല. ഈ ഇടതു നിരീക്ഷകർ ചാനൽ ചർച്ചകളിൽ സിപിഎമ്മിനെ ഏതറ്റവും വരെ ന്യായീകരിക്കുന്നവരാണ്. ഒരു പരിധിവരെ ഇവർ ചാവേറുകളാണ്. മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ സിപിഎം നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന വർഗീയതയെ വിമർശിച്ചിരുന്നു. കെ ജെ ജേക്കബ്ബിന്റ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ :

കെ ജെ ജേക്കബ്ബ്

“മലപ്പുറം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി ലിസ്റ്റ് നോക്കുവായിരുന്നു ഞാൻ.
ആകെ സീറ്റ് 33. എല്ലാ സീറ്റും ജയിച്ച യു ഡി എഫിന്റെ സ്‌ഥാനാർത്ഥി ലിസ്റ്റിൽ 29 മുസ്ലിം പേരുകാർ; എല്ലാ സീറ്റും തോറ്റ എൽ ഡി എഫിന്റെ സ്‌ഥാനാർത്ഥി ലിസ്റ്റിൽ 22 മുസ്ലിം പേരുകാർ. (ഒറ്റ നോട്ടത്തിലാണേ. ചെറിയ തെറ്റുണ്ടാകാം.)

മുഖ്യമന്ത്രി ശ്രീ പിണറായി വിജയനു അദ്ദേഹത്തിൻറെ പാർട്ടിയോടും കേരളത്തോടും ചെയ്യാവുന്ന ഒരു ഉപകാരമുണ്ട്.പൊളിറ്റ് ബ്യുറോയിലും കേന്ദ്രക്കമ്മിറ്റിയിലും സംസ്‌ഥാന സെക്രട്ടേറിയറ്റിലും സംസ്‌ഥാന കമ്മിറ്റിയിലും ഉള്ള സഹപ്രവർത്തകർക്ക് മലബാറിലെ രാഷ്ട്രീയത്തെപ്പറ്റിയും മുസ്ലിം രാഷ്ട്രീയത്തെപ്പറ്റിയും മിനിമം കാര്യങ്ങൾ പറഞ്ഞുകൊടുക്കുക; മനസിലാകാത്തവരോട് ആ വിഷയങ്ങളെപ്പറ്റി വാ പൊളിക്കരുതെന്നു പറയുക.

ഒരു തെരഞ്ഞെടുപ്പ് വരികയാണ്. പറയാനൊരു രാഷ്ട്രീയമില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിച്ചാലെന്ത്, തോറ്റാലെന്ത്?

“ഉപ്പിന് ഉറകെട്ടുപോയാല്‍ എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.” (മത്തായി 5:13)”