ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ജെ.പി നദ്ദയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ചൊവ്വാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി നേതാക്കളും മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കാൻ പാർട്ടി ആസ്ഥാനത്ത് എത്തിയിരുന്നു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി , ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എന്നിവരും പങ്കെടുത്തു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയ കുമാരിയും ചടങ്ങിൽ പങ്കെടുത്തു.

കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ദേശീയ തലത്തിൽ പ്രധാന സംഘടനാ പുനഃസംഘടനയ്ക്ക് ബിജെപി തയ്യാറെടുക്കുന്നതിനിടെയാണ് നേതൃമാറ്റം വരുന്നത്. വലിയ ഉത്തരവാദിത്തമാണ് നിതിൻ നബിന് മുന്നിലുള്ളത്. പാർട്ടിയിൽ പുതിയ ഊർജ്ജം കൊണ്ടുവരാൻ നേതൃമാറ്റം സഹായിക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

ബിജെപിയുടെ തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവാണ് 45 കാരനായ നബിൻ. ബിഹാറിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ്. ബിഹാർ സർക്കാരിൽ മന്ത്രിയായും ഛത്തീസ്ഗഢിന്റെ പാർട്ടി ചുമതലക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്. യുവമോർച്ച ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.1980 മെയ് 23 നു ജാർഖണ്ഡിലെ റാഞ്ചിയിലാണ് നിതിൻ നബിൻ ജനിച്ചത്.ബിജെപിയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് അദ്ദേഹം.ദേശീയ തലത്തിൽ മറ്റു പാർട്ടികളുടെ നേതാക്കളുമായി താരതമ്യപ്പെടുത്തിയാൽ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് നിതിൻ നബിൻ.കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെയുടെ പ്രായം 83.
നിതിൻ നബിൻ
*1980 – മെയ് 23 ന് ബീഹാറിലെ റാഞ്ചിയിൽ (മുമ്പ്) ജനനം.
*1998 – ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം പൂർത്തിയാക്കി.
*2006 – പട്ന വെസ്റ്റിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ ആയി.
*2010 – ബങ്കിപൂരിൽ നിന്ന് വീണ്ടും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു.
*2015 – ബങ്കിപൂരിൽ നിന്ന് വീണ്ടും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു.
*2017 – ഒരു കോൺഗ്രസ് നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പരാതി നൽകി.
*2020 – തുടർച്ചയായി നാലാം തവണയും എംഎൽഎ ആയി വിജയിച്ചു.
*2021–2022 – റോഡ് നിർമ്മാണ മന്ത്രി, ബീഹാർ
*2024–2025 – നഗരവികസന, ഭവന, നിയമ, നീതി മന്ത്രി
*2025 – ബങ്കിപൂരിൽ നിന്ന് വീണ്ടും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു.
*ഡിസംബർ 2025 – ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിതനായി.
*ജനുവരി 2026 – ബിജെപിയുടെ ദേശീയ പ്രസിഡന്റായി നിയമിതനായി.

