കാര്യലാഭത്തിന് വേണ്ടി വേഷം മാറുന്നവരെ തനിക്ക് പുച്ഛമാണെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ബിജെപിയിലേക്ക് കൂറുമാറിയ എ പി അബ്ദുള്ളക്കുട്ടിയെയും പത്മജ വേണുഗോപാലിനെയും കെ എസ് രാധാകൃഷ്ണനെയും ടി പത്മനാഭൻ വിമര്‍ശിച്ചു. രാജ്യസഭാംഗമായ ശേഷം തന്നെ കാണാനെത്തിയ ബിജെപിയുടെ സി സദാനന്ദനോടായിരുന്നു ടി പത്മനാഭൻ തന്റെ കരുത്തുറ്റ അഭിപ്രായം പങ്കുവെച്ചത്.

‘കാര്യലാഭത്തിന് വേണ്ടി വേഷം മാറ്റുന്നവരെ എനിക്ക് പുച്ഛമാണ്. തുടക്കം മുതലേ ഒരു പാര്‍ട്ടിയില്‍ നില്‍ക്കുന്നവരോട് ബഹുമാനമാണ്. നിങ്ങളുടെ പാര്‍ട്ടിയില്‍ ഇപ്പോള്‍ വന്നിട്ടുള്ള അബ്ദുള്ളക്കുട്ടിമാരില്ലെ, എനിക്ക് പുച്ഛമാണ്. അബ്ദുള്ളക്കുട്ടി എത്ര പാര്‍ട്ടിയില്‍ പോയി.

ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പത്മജയെ തയ്യാറെടുക്കുകയാണ് . പത്മജയ്ക്ക് വേണ്ടത് ഗവര്‍ണര്‍ സ്ഥാനമാണ്. ഗവര്‍ണറാവാനാണ് തനിക്കിഷ്ടമെന്ന് ഒരു നാണവുമില്ലാതെ അവര്‍ പറയുന്നതുകേട്ടു. എവിടെയാണ് ആവുകയെന്ന ചാനലുകാരുടെ ചോദ്യത്തിന് മലയാളിയെന്ന നിലയില്‍ തനിക്കിഷ്ടം കേരളമാണല്ലോ എന്നായിരുന്നു പ്രതികരണം. എങ്കിലും തരുന്നത് സ്വീകരിക്കുമെന്ന് ഒരു നാണവുമില്ലാതെ പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനം അവര്‍ ഉറപ്പിച്ചു’വെന്നും പത്മനാഭൻ പരിഹസിച്ചു.

അതേസമയം എഴുത്തുകാരനായ ടി പത്മനാഭൻ സിപിഎം സഹയാത്രികനാണ് .അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നാണ് മറുവാദം .
