ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നിർണായക വഴിത്തിരിവ്;പ്രതികൾ കുടുങ്ങുമെന്ന് ഉറപ്പായി

ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ് എസ് സി ) നടത്തിയ പരിശോധനയിൽ കണ്ടെത്തി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം കുറവാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് നാളെ(19-01-2025) ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

1998 ല്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ മറ്റു പാളികളും, പോറ്റി സ്വര്‍ണം പൂശി തിരികെയെത്തിച്ച പാളികളും താരതമ്യ പരിശോധന നടത്തിയാണ് വി എസ് എസ് സി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 1998 ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു. പാളികളിലെ സ്വര്‍ണത്തില്‍ വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. പാളികളുടെ ഭാരത്തിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്ന റിപ്പോര്‍ട്ടാണ് വിഎസ് എസ് സിയുടെ പരിശോധന റിപ്പോർട്ട് .കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു . മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ട് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കോടതി കൈമാറിയത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് എസ്‌ഐടിയുടെ വിലയിരുത്തല്‍ അടക്കമുള്ള റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. എസ്‌ഐടി തലവന്‍ എഡിജിപി എച്ച് വെങ്കിടേഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിക്കുമെന്നാണ് സൂചന.