പതിമൂന്ന് സീറ്റുകള്‍ വേണമെന്ന് ജോസ് കെ മാണി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് പതിമൂന്ന് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി. എല്‍ഡിഎഫിന്റെ മധ്യമേഖലാ ജാഥയില്‍ ക്യാപ്റ്റനായി താന്‍ ഉണ്ടാകുമെന്നും ജോസ് കെ മാണി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണപക്ഷത്താണെങ്കിലും പല കാര്യങ്ങളിലും വേറിട്ട നിലപാടുകള്‍ സ്വീകരിച്ചു. ചിലകാര്യങ്ങളില്‍ പ്രതിപക്ഷത്തെക്കാള്‍ എതിര്‍പ്പുയര്‍ത്താന്‍ കേരളാ കോണ്‍ഗ്രസിന് കഴിഞ്ഞെന്നും ജോസ് കെ മാണി പറഞ്ഞു. വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടത് കേരളാ കോണ്‍ഗ്രസ് ആണെന്നും കര്‍ഷകര്‍ക്കായി പോരാട്ടം നയിച്ചെന്നും ജോസ് കെ മാണി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിമൂന്ന് സീറ്റുകള്‍ ആവശ്യപ്പെടും. കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന് അനുവദിച്ച കുറ്റ്യാടി സീറ്റ് സിപിഎമ്മിന് നല്‍കുകയായിരുന്നു. ഇത്തവണ പരാമാവധി സീറ്റുകള്‍ ചോദിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കിയതിന് ശേഷം തങ്ങളെ ചേര്‍ത്തുപിടിച്ചത് എല്‍ഡിഎഫ് ആണെന്നും ജോസ് കെ മാണി പറഞ്ഞു. തങ്ങളെ ചേര്‍ത്തുപിടിച്ചത് പിണറായി വിജയന്‍ സഖാവ് ആണ്. തങ്ങളെ ചേര്‍ത്തുപിടിച്ചത് സിപിഎം ആണ്. ഓരോ അഞ്ച് വര്‍ഷവും കഴിയുമ്പോഴും മുന്നണി മാറുമോ?. കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തന്നെ തുടരും. ഇത് തുറക്കാത്ത ഒരു അധ്യായമാണ്. കേരളാ കോണ്‍ഗ്രസുമായി ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഇതെല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും ജോസ് കെ മാണി പറഞ്ഞു.