നടി ഭാവന സിപിഎം സ്ഥാനാർത്ഥിയാകുമോ ? മത്സരിക്കുകയാണെങ്കിൽ തൃശൂർ ജില്ലയിൽ ഏത് മണ്ഡലം

നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ അണിനിരത്താന്‍ സിപിഎമ്മും ആലോചിക്കുന്നു. മലയാളത്തിലെ ശ്രദ്ധേയയായ യുവനടി ഭാവനയെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഭാവനയെ മത്സരരംഗത്തിറക്കുന്നതോടെ രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ ലഭിക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.ഭാവന സമ്മതിച്ചാൽ തൃശൂർ ജില്ലയിലെ ഒരു സീറ്റ് നൽകിയേക്കും .തൃശൂർ സീറ്റ് സിപിഐയുടെതാണ് .അവിടെ സിപിഎയുടെ ബാലചന്ദ്രനാണ് സിറ്റിംഗ് എംഎൽഎ.കുന്നംകുളം അല്ലെങ്കിൽ വടക്കാഞ്ചേരി സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്.ഈ രണ്ട് സീറ്റുകളും സിപിഎം കഴിഞ്ഞ തവണ വിജയിച്ചതാണ്.

തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ വാർഡ് അഞ്ച് ഉൾപ്പെടുന്ന പെരിങ്ങാവിലാണ് ഭാവന ജനിച്ചത്. പുഴയ്ക്കൽപ്പുഴയുടെ കരയിലാണ് ഈ സ്ഥലം. പ്രസിദ്ധമായ പെരിങ്ങാവ് ധന്വന്തരിക്ഷേത്രം ഇവിടെയാണ്.

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഭാവനയുടെ അഭിപ്രായം നേതാക്കള്‍ തേടും. വരും ദിവസങ്ങളില്‍ താരവുമായി ആശയവിനിമയം നടത്താനാണ് തീരുമാനം. നടി സമ്മതം മൂളുന്ന പക്ഷം ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഭാവന മത്സരത്തിന് സന്നദ്ധയായാല്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ നല്‍കണമെന്നാണ് പാര്‍ട്ടിയിലെ പൊതു ധാരണ.

ഭാവനയെപ്പോലുള്ള ജനപ്രിയമുഖത്തെ മത്സരരംഗത്തിറക്കുന്നതോടെ, യുവവോട്ടര്‍മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും വലിയ തരംഗം ഉണ്ടാക്കാനാകുമെന്നും പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ഭാവന മുഖ്യാതിഥിയായിരുന്നു. വിവിധ സര്‍ക്കാര്‍ പരിപാടികളിലും ഭാവന പങ്കെടുത്തിരുന്നു. സാമൂഹിക വിഷയങ്ങളിൽ നടി ഉയര്‍ത്തിയ നിലപാടുകള്‍ക്ക് ഇടതുപക്ഷം വലിയ പിന്തുണയാണ് നല്‍കിയിരുന്നത്.അതേസമയം ഭാവന മത്സരിക്കില്ലെന്നാണ് അറിയുന്നത്.

മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്‌ത നടിയാണ് ഭാവന . സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളചലച്ചിത്ര രം‌ഗത്തെ അസിസ്റ്റന്റ് ഛായഗ്രാഹകനായ ജി. ബാലചന്ദ്രമേനോന്റെയും പുഷ്പയുടേയും മകളാണ് ഭാവന. 1986 ജൂൺ 6-ന് തൃശ്ശൂരിൽ പെരിങ്ങാവ് എന്ന സ്ഥലത്താണ് ജനനം. സഹോദരൻ ജയദേവ് കാനഡയിലാണ് .കന്നഡ സിനിമ നിർമ്മാതാവായ നവീനാണ് ഭർത്താവ് .