യുക്രെയ്‌നിൽ റഷ്യ നടത്തുന്ന യുദ്ധത്തിന് പണം നൽകുന്ന രാജ്യങ്ങളെ തടയാൻ അമേരിക്ക പുതിയ നിയമം കൊണ്ടുവരുന്നു.റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ട് അമേരിക്കൻ സെനറ്റ് കൊണ്ടുവരുന്ന പുതിയ ഉപരോധ ബില്ലിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

യുക്രെയ്‌നിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം വ്യക്തമാക്കി.ഈ ബില്ലിൽ അടുത്ത ആഴ്ച വോട്ടെടുപ്പ് നടന്നേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.റഷ്യയിൽ നിന്ന് എണ്ണയോ മറ്റ് ഊർജ്ജ ഉൽപ്പന്നങ്ങളോ വാങ്ങുന്ന രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും കുറഞ്ഞത് 500 ശതമാനം അധിക നികുതി ചുമത്താനാണ് ബില്ലിലെ പ്രധാന നിർദ്ദേശം. ഇതിലൂടെ ഇന്ത്യയെയും ചൈനയെയും റഷ്യൻ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് സാധിക്കുമെന്ന് ലിൻഡ്‌സെ ഗ്രഹാം പറഞ്ഞു.

യുക്രെയ്‌നുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിൽ റഷ്യയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ഈ ബിൽ സഹായിക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ സാമ്പത്തികമായി പ്രതിരോധിക്കാൻ ട്രംപിന് ഈ നിയമം അധികാരം നൽകും. റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിലൂടെ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലിൻഡ്‌സെ ഗ്രഹാം പറഞ്ഞു.

റഷ്യയുമായി സഹകരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനൊപ്പം, റഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ചരക്കുകൾക്കും സേവനങ്ങൾക്കും അവയുടെ മൂല്യത്തിന്‍റെ കുറഞ്ഞത് 500 ശതമാനം എങ്കിലും നികുതി വർദ്ധിപ്പിക്കാനും ഈ ബിൽ ലക്ഷ്യമിടുന്നു. .

നേരത്തെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉയർന്ന നികുതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തിയുണ്ടെന്ന് പ്രസിഡന്‍റ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഊഷ്മളമായ ബന്ധമാണുള്ളതെങ്കിലും നികുതി വിഷയം ചില അസ്വാരസ്യങ്ങൾ ഉണ്ടാക്കിയതായി ട്രംപ് പറഞ്ഞത്.

നേരത്തെ തന്നെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക അധിക താരിഫ് ചുമത്തിയിരുന്നു. പുതിയ ബിൽ നിയമമാകുന്നതോടെ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയെ അത് ഗുരുതരമായി ബാധിച്ചേക്കാം. എന്നാൽ, സ്വന്തം ഊർജ്ജ സുരക്ഷ കണക്കിലെടുത്താണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്ന നിലപാടിലാണ് ഇന്ത്യ ഇതുവരെ ഉറച്ചുനിന്നിട്ടുള്ളത്.
