കുമരകം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് യുഡിഎഫ് സ്വതന്ത്രന് വോട്ട് ചെയ്ത മൂന്ന് ബിജെപി അംഗങ്ങളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പി.കെ. സേതു, സുനീത് വി.കെ., നീതു റെജി എന്നിവർക്കെതിരെയാണ് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി.

നാടകീയമായ നീക്കങ്ങൾക്കൊടുവിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എ.പി. ഗോപിക്ക് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തതാണ് കുമരകത്ത് എൽഡിഎഫിന് ഭരണം നഷ്ടമാകാൻ കാരണമായത്. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫിനും എൽഡിഎഫിനും എട്ട് വോട്ടുകൾ വീതം ലഭിച്ചു. ഇതോടെ ഇരുമുന്നണികളും തുല്യനിലയിലായതിനെ തുടർന്ന് വിജയിയെ കണ്ടെത്താൻ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ കെ.എസ്. സലിമോനെ പരാജയപ്പെടുത്തി എ.പി. ഗോപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ബിജെപി പിന്തുണയോടെ യുഡിഎഫ് സ്വതന്ത്രൻ ഭരണത്തിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗുരുതരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി അംഗങ്ങൾക്കെതിരെ പാർട്ടി ഉടനടി കർശന നടപടി സ്വീകരിച്ചത്.

