പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും അധ്യാപികയായ തൗഹിതയുടെയും മകനാണ് സുഹാൻ. മുഹമ്മദ് അനസ് ഗൾഫിലായതിനാൽ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. അതേസമയം, അമ്മ തൗഹിത അന്നുസമയം പാലക്കാട്ട് പോയിരിക്കുകയായിരുന്നു. വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുകയായിരുന്നു.

അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. സമയം മുത്തശ്ശി അടുക്കളയിൽ ജോലികളിലായിരുന്നു. സഹോദരനുമായി വഴക്കുണ്ടായതിനെ തുടർന്ന് സുഹാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങി പോയതായി സഹോദരൻ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരുമായി ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ പോലീസിൽ പരാതി നൽകി.
