പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. അക്കാര്യം മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ല. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്താണ് പറഞ്ഞതെന്ന് അറിയില്ല. വളരെ കൂടിയാലോചന നടത്തേണ്ട കാര്യമാണിത്. കേന്ദ്രസര്‍ക്കാര്‍ പല കാര്യത്തിലും കേരളത്തെ കൊണ്ടെത്തിക്കാന്‍, ലഭിക്കേണ്ട സഹായം ഇല്ലാതാക്കാന്‍ പല കുതന്ത്രങ്ങളും നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാജന്‍ ആരോപിച്ചു.

കേരളത്തോട് അപകടകരമായി, ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത തരത്തില്‍ കേന്ദ്രം പെരുമാറുകയാണ്. ഇതിനൊന്നും കേരളം മുട്ടു മടക്കി സമ്മതിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സർക്കാരിന്റെ മുൻ അഭിപ്രായം മാറിയിട്ടില്ല. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒപ്പിടാന്‍ നിര്‍ദേശം നല്‍കിയതായും തനിക്ക് അറിവില്ലെന്ന് മന്ത്രി രാജന്‍ വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്ത് പാര്‍ട്ടിയില്‍ മറ്റൊരഭിപ്രായമില്ല. തന്റെ അറിവില്‍ പദ്ധതി നടപ്പാക്കാന്‍ ഇപ്പോള്‍ തീരുമാനമെടുത്തതായി അറിവില്ല. ചര്‍ച്ച നടന്നാല്‍ അഭിപ്രായം പറയും. ആവശ്യമെങ്കില്‍ മന്ത്രിസഭായോഗം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

2022ലാണ് രാജ്യത്തെ സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ശ്രീ പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയിൽ ഒപ്പിട്ടാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടി വരും എന്നതു ചൂണ്ടിക്കാട്ടി കേരളമടക്കം ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ഇതിനെ എതിർത്തിരുന്നു.
