മൂക്കിന്റെ പാലമേ ഇപ്പോള്‍ പോയിട്ടുള്ളു;ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇപി

പേരാമ്പ്ര സംഘര്‍ഷത്തില്‍ സിപിഎം വിശദീകരണ യോഗത്തില്‍ ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇപി ജയരാജന്‍. സൂക്ഷിച്ച് നടന്നാല്‍ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോള്‍ പോയിട്ടുള്ളുവെന്നും ജയരാജന്‍ പറഞ്ഞു. ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലമാണെന്നും അഹംഭാവവും ധിക്കാരവുമൊക്കെ കോണ്‍ഗ്രസ് ഓഫീസില്‍ പോയി പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്.ലാത്തികൊണ്ട് ഏത് പൊലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും ചോദിച്ചു.

പൊലീസിന്റെ തൊപ്പി കാണുമ്പോള്‍ ഓടുന്നവരല്ലേ നേതാവായിട്ട് അവിടെയും ഇവിടെയും കിടക്കുന്നത് പാലം പൊട്ടിയിട്ടും പാലം പൊട്ടാതെയുമൊക്കെ. ഏതെങ്കിലും ജനകീയപ്രശ്‌നങ്ങള്‍ക്ക് മുന്‍പില്‍ ഉണ്ടായിരുന്നോ.

ഇവിടെ നമ്മുടെ നാടിന്റെ കഷ്ടകാലം. അതിന്റെ ഭാഗമായി ഒരു എംപി ഉണ്ടായിപ്പോയി. മുല്ലപ്പള്ളി രാമചന്ദ്രനൊക്കെയിരുന്ന സ്ഥലത്ത്. അദ്ദേഹം കോണ്‍ഗ്രസാണെങ്കിലും പെരുമാറ്റവും ശീലവുമെല്ലാം വളരെ മെച്ചപ്പെട്ടതാണ്.

ഇവിടെ ഒരു എംപി അഹങ്കാരം, ധിക്കാരം, താന്‍പ്രമാണിത്തം, ആരാണെന്നാ ധാരണ. അത് കോണ്‍ഗ്രസ് ഓഫീസില്‍ പോയി പറഞ്ഞാല്‍ മതി. നേരെ ഇങ്ങോട്ട് വന്നാല്‍ അപ്പോള്‍ അറിയും. ഇവിടെ യാതൊരു കാരണവുമില്ലാതെ പൊലീസിനെ അക്രമിക്കുന്നു. അതുമാത്രമല്ല നാടന്‍ ബോംബ് അതിന് മുന്‍പ് പലതവണ പരീക്ഷിച്ചിട്ടുണ്ട്.

പൊലീസിന് നേരെ ബോംബ് എറിഞ്ഞാല്‍ ലാത്തിയും കൈയില്‍ വച്ചിരിക്കുമോ?. അതിനനുസരിച്ചൊന്നും ഇവിടെ പൊലീസ് പെരുമാറിയിട്ടില്ല. അവര്‍ വളരെ സമാധാനമായിട്ടാണ് കൈകാര്യം ചെയ്തത്’- ജയരാജന്‍ പറഞ്ഞു.