പ്രമുഖ സി പി എം നേതാവും മുൻ എം എൽ എയും തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടുമായിരുന്ന എ. പദ്മകുമാർ അടക്കമുള്ള ബോർഡ് അംഗങ്ങൾ ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ സ്വർണം കൊള്ള ചെയ്ത കേസിലെ പ്രതികളായി.2019 ലെ ബോര്‍ഡ് പ്രസിഡണ്ട് ആയിരുന്നു എ. പദ്മകുമാർ. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ദ്വാരപാലകശില്‍പ്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്ഐആര്‍. രണ്ടാമത്തേത് ശ്രീകോവിൽ വാതിലിൻ്റെ കട്ടിളപ്പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടും.
രണ്ടാമത്തെ എഫ്ഐആറിലാണ് ഇപ്പോള്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതി ചേര്‍ത്തിട്ടുള്ളത്. ആദ്യത്തെ സംഭവം 2019 മാർച്ചിലും രണ്ടാമത്തേത് ജൂലായിലും നടന്നതുകൊണ്ടാണ് രണ്ടു എഫ്ഐആറുകൾ.ശബരിമലയിലെ സ്വത്ത് നഷ്ടപ്പെടുന്ന രീതിയില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്ഐറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.സ്വർണപ്പപാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് പ്രതിചേർക്കപ്പെട്ടവർ. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്.

ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ ചെന്നൈയിലാണുള്ളത്. ചെന്നൈയില്‍ സ്മാര്‍ട് ക്രിയേഷന്‍സില്‍ പരിശോധന നടത്തിവരികയാണ്.സ്മാര്‍ട്ട് ക്രിയേഷന്‍സിലാണ് ദ്വാരപാലക ശില്പങ്ങളുംവാതിലുകളുംസ്വര്ണംപൂശിയതെന്നാണ് ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോററി പറഞ്ഞിരുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന തെളിവുകള്‍ നിർണായകമാകും. യഥാര്‍ഥ ദ്വാരപാലക പാളികള്‍ തന്നെയാണോ തിരിച്ചുകൊണ്ടുവന്നത് എന്നതിലടക്കം വ്യക്തത വരേണ്ടതുണ്ട്.

അഴിമതിനിരോധനം, കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്. സ്വർണംപൂശിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് അധികൃതരെ നിലവിൽ പ്രതിചേർത്തിട്ടില്ല. പാളികളിലെ സ്വർണം ഉരുക്കിയെടുത്തെന്നാണ് സ്മാർട്ട് ക്രിയേഷൻസ് എംഡി പങ്കജ് ഭാണ്ഡാരി ദേവസ്വം വിജിലൻസിന് മൊഴി നൽകിയത്.

കേസിൽ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രംഗത്ത് വന്നിട്ടുണ്ട്. അവർ പ്രാഥമിക വിവര ശേഖരണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി.ഇതിനിടെ, ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വന്നു.ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ദേവസ്വം ബോർഡിനെ സംശയിച്ചാണ് റിപ്പോര്‍ട്ട്.

നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥ താല്പര്യം മാത്രമെന്ന് കാണാൻ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്ക് സംശയം നീളുന്നതാണ് റിപ്പോര്‍ട്ട്.2019 ലെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ നിർദ്ദേശമോ ഉണ്ടോയെന്ന് സംശയമുണ്ടെന്നും നിയമവിരുദ്ധമായി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദേവസ്വത്തിന് പുറത്തു കൊണ്ട് പോയി സ്വർണ്ണം പൂശാൻ ഇടയായത് 2019 ലെ ബോർഡിന്റെ വീഴ്ചയാണെന്നും ബോർഡിനെതിരെയും തുടർനടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.