മുനമ്പംകാർ നാളെയും ചതിക്കപ്പെടുമോ?

ഫാ. ജോഷി മയ്യാറ്റിൽ

ജുഡീഷ്യൽ കമ്മീഷൻ്റെ പ്രവർത്തനത്തിനും കമ്മീഷൻ റിപ്പോർട്ടിൻ്റെ നടപ്പാക്കലിനും പച്ചക്കൊടി വീശിയ ഡിവിഷൻ ബഞ്ചിൻ്റെ വിധിയുടെ പശ്ചാത്തലത്തിൽ നാളെ മന്ത്രിസഭാ സമ്മേളനം ചേരുകയാണ്. നാളെത്തന്നെ ജുഡീഷ്യൽ കമ്മീഷൻ്റെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാകണം. അതിൻ്റെ ഉള്ളടക്കം അറിയാൻ മുനമ്പംകാർക്കും പൊതുജനത്തിനും അവകാശമുണ്ട്.

ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങൾ കഴിഞ്ഞ നാലുവർഷമായി അകാരണമായി നിഷേധിക്കപ്പെട്ടിരിക്കുന്ന മുനമ്പംകാർക്കു വേണ്ടി സത്വരവും സ്ഥായിയുമായ പരിഹാരമാണ് മന്ത്രിസഭാ സമ്മളനം കൈക്കൊള്ളേണ്ടത്. മുനമ്പംകാരെ ഇനിയും ചതിക്കാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണം.

  1. ജുഡീഷ്യൽ കമ്മീഷൻ്റെ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനം എടുത്തു തടിതപ്പരുത്. ആ റിപ്പോർട്ടിൽ വഖഫല്ലാത്ത മുനമ്പത്തിനുള്ള പരിഹാരം ഇല്ല. വഖഫായി കോടതിവിധി വന്നാലുള്ള പരിഹാരമാണ് റിപ്പോർട്ടിലുള്ളത് എന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുണ്ടല്ലോ.
  2. കോടതി പരാമർശത്തിൻ്റെ അടിസ്ഥാനത്തിലല്ലാതെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനമെടുക്കണം. കോടതിയുടെ നിരീക്ഷണത്തോട് കൂട്ടിക്കെട്ടി തീരുമാനമെടുത്താൽ വിധിക്ക് സുപ്രീം കോടതിയിൽ സ്റ്റേ വരുന്നതോടെ മുനമ്പം വീണ്ടും പഴയ അവസ്ഥയിൽ ആകും.
  3. മുനമ്പംകാർക്ക് അനുകൂലമായ തീരുമാനമെടുത്തിട്ട് GO പുറത്തിറക്കാൻ വൈകിപ്പിക്കുകയും അതിനിടയിൽ സുപ്രീം കോടതി സ്റ്റേ അനുവദിക്കുകയും ചെയ്താൽ, പിന്നെ മുനമ്പത്തിൻ്റെ മോചനം വിദൂരത്തായിരിക്കും.
  4. കരം അടക്കാൻ മാത്രം അനുവാദം നല്കി സർക്കാർ മുനമ്പംകാരെ വിഢികളാക്കരുത്. 2022നു മുമ്പുണ്ടായിരുന്ന തൽസ്ഥിതിയാണ് ഉത്തരവായി വരേണ്ടത്.