അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു

വയനാട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടു മാസം മുൻപ് മരണപ്പെട്ട ഒൻപതുവയസുകാരിയുടെ പിതാവാണ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചത്.

ആക്രമണം നടത്തിയ സനൂപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം നടത്തിയത്. പരിക്കേറ്റ ഡോക്ടര്‍ വിപിനെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഓഗസ്റ്റ് 14-നായിരുന്നു സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുട്ടിയുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. പരിശോധനയിൽ കുട്ടിയുടെ മരണകാരണം മസ്തിഷ്‌ക ജ്വരമാണെന്ന് വ്യക്തമാവുകയായിരുന്നു. കുട്ടിയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചിരുന്നു.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രണ്ടു മക്കളുമായാണ് അക്രമി എത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയതെന്നാണ് വിവരം. സൂപ്രണ്ട് ഇല്ലാതിരുന്നതിനെ തുടർന്ന് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. കൈയ്യിൽ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണം നടന്നയുടൻ ആശുപത്രിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ ചർന്ന് പ്രതിയെ തടയുകയായിരുന്നു. പെട്ടന്നുതന്നെ പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.