ഗാന്ധിജി പകർന്ന മൂല്യങ്ങൾ എത്ര മാത്രം ജീവിതത്തിൽ പകർത്താൻ സാധിച്ചുവെന്ന് പുനർവിചിന്തനം ചെയ്യേണ്ട സമയമാണിതെന്ന് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻഎം.പി

മഹാത്മാഗാന്ധി പകർന്ന് തന്ന മൂല്യങ്ങൾ എത്ര മാത്രം ജീവിതത്തിൽ പകർത്താൻ സാധിച്ചുവെന്ന് പുനർവിചിന്തനം ചെയ്യേണ്ട സമയമാണിതെന്ന് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. ഗാന്ധി ജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി തിരുവാങ്കുളം നഗരസഭാ സോണൽ ഓഫീസ് ഹാളിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സൗത്ത്, തിരുവാങ്കുളം റോട്ടറി കമ്മ്യൂണിറ്റി കോർപ്സ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യങ്ങളുടെ കലവറ തന്നെ ഗാന്ധി നമ്മെ പഠിപ്പിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ മാത്രം ഒതുങ്ങി പോകുന്ന സേവനവാരാചരണം മാത്രമായി അവ മാറുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും എം.പി പറഞ്ഞു.
സൗത്ത് ആഫ്രിക്കയിൽ അദ്ദേഹം അനുഭവിച്ച വർണ്ണ വിവേചനത്തിൻ്റെ രാഷ്ട്രീയമാണ് അദ്ദേഹത്തെ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന വ്യക്തിയിൽ നിന്നും മഹാത്മാഗാന്ധി എന്ന പ്രസ്ഥാനമാക്കി വളർത്തിയത്. ഒരു പ്രശ്നമുണ്ടായാൽ തിരിച്ചടിച്ചുകൊണ്ടുള്ള പരിഹാരത്തിന് പകരം അഹിംസയിലൂടെയുള്ള പരിഹാരമായിരുന്നു അദ്ദേഹം കണ്ടത്. ഈ സമീപനമാണ് സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവ് ബിജു കൊമ്പനാൽ , ജില്ലാ പഞ്ചായത്ത് അംഗം കെ.വി.അനിത ടീച്ചർ, തൃപ്പൂണിത്തുറ നഗരസഭാംഗങ്ങളായ കെ.വി.സാജു, രോഹിണി കൃഷ്ണകുമാർ എന്നിവരെ ആദരിച്ചു. എൽ.പി, യു.പി വിഭാഗം കുട്ടികൾക്കുള്ള ബാപ്പുജി ബാല പുരസ്കാര വിതരണം, ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചും , റോട്ടറി കമ്മ്യൂണിറ്റി കോറിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചും നടന്ന വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും നടന്നു. പരിപാടിയിൽ സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരുന്നു. എസ്.എസ്.എൽ.സി/ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ആർ.സി.സി. അംഗങ്ങളെ അനുമോദിച്ചു.

യോഗത്തിൽ നഗരസഭ കൗൺസിലർ കെ.വി.സാജു അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. ബി ബിജു, കൊച്ചിൻ സൗത്ത് റോട്ടറി പ്രസിഡൻറ് മഹേഷ് രാംദാസ്, ഐ.എം.ജി ഫാക്കൽട്ടി അംഗം പി.പി അജിമോൻ, എം.എസ്. വിനോദ്, ആർ.സി.സി പ്രസിഡൻ്റ് ജെറി ജോൺസൺ, കൊച്ചിൻ സൗത്ത് റോട്ടറി മുൻ പ്രസിഡൻ്റ് ഹരികൃഷ്ണൻ, യൂണിറ്റ് രക്ഷാധികാരി എം. രഞ്ജിത്ത് കുമാർ, മഹാത്മാ പ്രസിഡൻ്റ് എം.ആർ.അമൽ, സെക്രട്ടറി ആർ കൃഷ്ണാനന്ദ് , ട്രഷറർ പവിത്ര രാജീവ് എന്നിവർ പങ്കെടുത്തു.
