48 മണിക്കൂര്‍ ഇന്റര്‍നെറ്റിന് നിരോധനം

യുപിയിലെ ബറെയ്‌ലിയില്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്തി. ശനിയാഴ്ച വൈകിട്ട് മൂന്നുവരെയാണ് നിരോധനം. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ കാമ്പയിനിന്റെയും ദസറ, ദുര്‍ഗാപൂജ ആഘോഷങ്ങളുടെയും സാഹചര്യത്തിലാണ് സംഘര്‍ഷാവസ്ഥ. ഘോഷയാത്രകള്‍ നടക്കുന്നതിനാല്‍ കടുത്ത ജാഗ്രത വേണമെന്ന് പൊലീസിനോട് നിര്‍ദേശിച്ചിരിക്കുകയാണ്.

ഫെയ്‌സ്ബുക്, യൂട്യൂബ്, വാട്‌സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള വ്യാജപ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവില്‍ പറയുന്നു. സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളില്‍ ലോക്കല്‍ പൊലീസിനു പുറമേ സായുധ പൊലീസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എന്നിവയെ നിയോഗിച്ചിട്ടുണ്ട്. ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി.

നേരത്തേ, നബിദിനാഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളില്‍ ‘ഐ ലവ് മുഹമ്മദ്’ ബാനര്‍ ഉയര്‍ത്തിയതിനു പിന്നാലെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ബാനറിനെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. ബറെയ്‌ലിയില്‍ അക്രമസംഭവങ്ങളില്‍ ഇതുവരെ 81 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ വീടുകളും കടകളും ഉള്‍പ്പെടെ പൊളിച്ചുനീക്കിയ സംഭവവുമുണ്ടായിരുന്നു.