ഇടതുമുന്നണി സർക്കാരിന് വേണ്ടി സാംസ്കാരിക മന്ത്രി സജി ചെറിയാൻ ‘അമ്മയ്ക്കൊരുമ്മ’യും ‘സ്നേഹാലിംഗവും നൽകിയത് സൈബറിടത്തിൽ വിവാദവും വൈറലുമായി മാറി .
മാതാ അമൃതാനന്ദമയി, ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ചിട്ട് 25 വർഷം തികഞ്ഞതിന്റെ ‘രജത ജൂബിലി’ ആഘോഷം എന്ന സാംസ്കാരിക നേട്ടമാണ് ഇടതു സർക്കാർ ഗംഭീരമാക്കിയത്.സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരിട്ട് പോയാണ് അമ്മയെ ആദരിച്ചത്.നേരത്തെ കമ്യൂണിസ്റ്റുകാർ അമൃതാനന്ദമയീ ദേവിയെ വിളിച്ചിരുന്നത് ആൾ ദൈവം എന്നായിരുന്നു.അമ്മയുടെ പ്രതിച്ഛായ തകർക്കാൻ സിപിഎമ്മിന്റെ കൈരളി ചാനൽ ഒരു വിദേശ വനിതയെ ഇന്റർവ്യൂ നടത്തി അപകീർത്തികരമായ പരാമർശങ്ങൾ നടത്തി.അതിനെതിരെ ആശ്രമം കേസ് കൊടുക്കുകയുണ്ടായി.

ഇപ്പോൾ ഹൈന്ദവ സംഘടനകളെ ഒരു കുറ്റക്കെഴിലാക്കി വോട്ട് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് വള്ളിക്കാവിലെ അമൃതപുരി ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അമ്മയെ ചേർത്ത് പിടിക്കുകയും സ്നേഹത്തോടെ നെറ്റിയിൽ ഒരുമ്മ കൊടുക്കുകയും ചെയ്തത് . “അമ്മ ലോകത്ത് സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും പ്രകാശം പരത്തുന്നു” എന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.
സഖാവിന്റെ ഈ ‘സ്നേഹാലിംഗനവും നെറ്റിയിലെ ചുംബനവും’ അടങ്ങിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ പെട്രോളൊഴിച്ച പോലെയാണ് ആളിക്കത്തിയത്.അതോടെ വിമർശകരും സാധാരണ സഖാക്കളും വരെ ഞെട്ടി എന്നതാണ് വാസ്തവം .

ഇതൊരു കമ്മ്യൂണിസ്റ്റ് സർക്കാരാണോ അതോ ഭക്തി പ്രസ്ഥാനമോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകൽ പുരോഗമിക്കുന്നത്.

ഇത് സംബന്ധിച്ച് നടൻ ജോയ് മാത്യു ഫേസ് ബുക്കിലെഴുതിയ പോസ്റ്റ് ശ്രദ്ധ നേടി കഴിഞ്ഞു.അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ :
“ജോൺ ബ്രിട്ടാസ് എന്നൊരു പത്രപ്രവർത്തകൻ ഉണ്ടായിരുന്നു .അദ്ദേഹം ഒരു ചാനലിന്റെ മേധാവിയായിരുന്നകാലം .ഒരിക്കൽ ഒരു മദാമ്മ ഒരു പുസ്തകം ഉണ്ടാക്കി,കുറെ വഷളത്തരങ്ങൾ എഴുതി നിറച്ചു ;നന്നായി വിറ്റു .അത് കേട്ടപാതി കേൾക്കാത്തപാതി വിദ്വാൻ ആകാശത്തേക്ക് ഏണിവെച്ചു വിമാനം പിടിച്ചു അമേരിക്കയിലെത്തി മദാമ്മയെ അഭിമുഖിച്ചു .അതിലൂടെ നമ്മുടെ അമൃതാനന്ദമയി അമ്മയെ തേജോവധിച്ചു .കുട്ടിസഖാക്കൾ അത് കണ്ടു കുട്ടിക്കരണം മറിഞ്ഞു അട്ടഹസിച്ചു.കാലം എല്ലാത്തിനും കണക്ക് പറയും ഇന്നിതാ നമ്മുടെ വിപ്ലവകാരി മന്ത്രി നമ്മുടെ അമ്മയെ സാഷ്ടംഗം പ്രണമിക്കുന്നു
ഹാരിക്കുന്നു (ഹാരമണിയിക്കുന്നു ) മൂർദ്ധാവിൽ ചുംബിക്കുന്നു (കാൽക്കൽ വീഴുവാൻ ആഗ്രഹിച്ചുവെങ്കിലും നടന്നില്ല )പോരാത്തതിന്
സർട്ടിഫിക്കറ്റും കൊടുക്കുന്നു
(സർട്ടിഫിക്കറ്റിൽ എന്താണ് വരഞ്ഞതെന്ന് അറിയില്ല )
അങ്ങ് ദൂരെ ദില്ലിയിലുള്ള സഖാവ് ബ്രിട്ടാസ് ഇതെല്ലാം കാണുന്നുണ്ടായിരിക്കുമോ ?
ആദ്യം അയ്യപ്പന്റെ മഹത്വം തിരിച്ചറിഞ്ഞു ഇപ്പോഴിതാ മാതാ അമൃതാനന്ദമയി യുടെ മഹത്വവും സഖാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു .വൈകിയാണെങ്കിലും വിപ്ലവകാരികൾ ഇതൊക്കെ തിരിച്ചറിഞ്ഞതിൽ
നമുക്ക് സന്തോഷിക്കാം”
