ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പോലീസും നാട്ടുകാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന് ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായ മുന്നറിയിപ്പുമായി രംഗത്ത്. ഏതൊരു പ്രതിഷേധത്തെയും കര്‍ശനമായി നേരിടുമെന്ന് സര്‍ക്കാര്‍ വ്യക്തമായ സന്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘വികസിത യുപി’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ മേധാവി തൗഖീര്‍ റാസ ഖാന്‍ ‘ഐ ലവ് മുഹമ്മദ്’ എന്ന കാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
ശനിയാഴ്ച തൗഖീര്‍ റാസ ഖാനെ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു. ‘തൗഖീര്‍ റാസയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. സാഹചര്യം സമാധാനപരവും നിയന്ത്രണവിധേയവുമാണ്,’ ബറേലി എസ് എസ്‌പി അനുരാഗ് ആര്യ മാധ്യമങ്ങളോട് പറഞ്ഞു.
‘ഇന്നലെ ഒരു മൗലാന സംസ്ഥാനത്ത് ആരാണ് ഭരിക്കുന്നതെന്ന് മറന്നു,’ ആരുടെയും പേരെടുത്ത് പറയാതെ യോഗി ആദിത്യനാഥ് പറഞ്ഞു. ‘എപ്പോള്‍ വേണമെങ്കിലും സിസ്റ്റം തടസ്സപ്പെടുത്താമെന്ന് അയാള്‍ കരുതി, പക്ഷേ ഞങ്ങള്‍ ഒരു റോഡ് തടസ്സമോ കര്‍ഫ്യൂവോ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. ഞങ്ങള്‍ പഠിപ്പിച്ച ഈ പാഠം ഭാവി തലമുറകള്‍ കലാപം നടത്തുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 മുതല്‍ സംസ്ഥാനത്ത് കര്‍ഫ്യൂ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇത് ഏതുതരം പ്രതിഷേധമാണ്? 2017-ന് മുന്‍പ് യുപിയില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ സാധാരണമായിരുന്നു; 2017 മുതല്‍ ഞങ്ങള്‍ ഒരു കര്‍ഫ്യൂ പോലും അനുവദിച്ചിട്ടില്ല. ഉത്തര്‍പ്രദേശിന്റെ വികസനത്തിന്റെ കഥ ഇവിടെ നിന്നാണ് ആരംഭിക്കുന്നത്,’ ആദിത്യനാഥ് പറഞ്ഞു.

‘ഐ ലവ് മുഹമ്മദ്’ കാമ്പയിനിന്റെ ഭാഗമായി ഒരു പള്ളിക്ക് സമീപം നിരവധി പ്രതിഷേധക്കാര്‍ ഒത്തുകൂടിയതിനെ തുടര്‍ന്ന് ബറേലിയില്‍ വെള്ളിയാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. പുരോഹിതനും ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ മേധാവിയുമായ മൗലാന തൗഖീര്‍ റാസയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് ഈ പ്രതിഷേധം നടന്നത്.
സെപ്റ്റംബര്‍ 4-ന് നടന്ന ബറാവാഫത്ത് ഘോഷയാത്രക്ക് വേണ്ടി സ്ഥാപിച്ച ‘ഐ ലവ് മുഹമ്മദ്’ ബോര്‍ഡിനെതിരെ കാണ്‍പൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഈ പ്രതിഷേധം ആരംഭിച്ചത്.

സംഘര്‍ഷത്തെ തുടര്‍ന്ന്, BNSS (പ്രതിഷേധ നിരോധന ഉത്തരവ്) സെക്ഷന്‍ 163 പ്രകാരം ഏരിയയില്‍ ഏതെങ്കിലും മാര്‍ച്ചിനോ പ്രകടനത്തിനോ രേഖാമൂലം അനുമതി ആവശ്യമാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അവിനാശ് സിംഗ് പിടിഐയോട് പറഞ്ഞു. ഉത്തരവ് നിലനില്‍ക്കെയാണ് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് വെള്ളിയാഴ്ച പ്രതിഷേധം നടന്നതെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു.