പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ ആർഎസ്എസിനെ വെള്ള പൂശുന്നത് എന്തുകൊണ്ട് ? ജ്ഞാനപീഠം കിട്ടാനോ ?

പ്രമുഖ എഴുത്തുകാരനും സിപിഐ യുടെ യുവകലാസാഹിതി എന്ന സംഘടനയുടെ നേതാവും സമസ്‌ത ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി രാധാകൃഷ്ണന്റെ സംഘ പരിവാർ ചായ്‌വ് ചർച്ചയാവുന്നു.സമീപ ദിവസം ബാലഗോകുലം-ബാല സംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗം വൈറലായി.

ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തകാര്യാലയമായ എളമക്കര മാധവനിവാസില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന ആർഎസ്എസ് പ്രചാരകന്‍ എസ്. സേതുമാധവനില്‍ നിന്നാണ് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ജന്മാഷ്ടമി പുരസ്‌കാരം ഏറ്റുവാങ്ങിയത് . 50,000 രൂപയും കൃഷ്ണ ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ശ്രീകുമാരന്‍ തമ്പി അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സംഘ പരിവാറിനെ പുകഴ്ത്തിക്കൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത് .കമ്യുണിസ്റ്റ് സഹയാത്രികനായ സി രാധാകൃഷ്‌ണന്റെ പെട്ടെന്നുള്ള സംഘപരിവാർ പക്ഷത്തേക്കുള്ള ചായ്‌വ് എന്തിനു വേണ്ടിയാണ്.?

കുറേക്കാലമായി സി രാധാകൃഷ്ണന്റെ മോഹങ്ങളാണ് പത്മശ്രീയും ജ്ഞാനപീഠവും .സാഹിത്യ മേഖലയിലെ ഏറ്റവും വലിയ അവാർഡാണ് ജ്ഞാനപീഠം .സിനിമ മേഖലയിലെ ദാദാസാഹിബ് പുരസ്‌കാരത്തിന് സമാനമാണ് അത്.നടൻ മോഹനലാലിനു അത് കിട്ടി.മലയാളികളായ ആറുപേർക്കാണ് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട് .ആദ്യം കിട്ടിയത് കവി ജി ശങ്കരക്കുറുപ്പിനാണ്.തുടർന്ന് എസ്. കെ. പൊറ്റക്കാട് ,.തകഴി ശിവശങ്കരപ്പിള്ള,എം.ടി. വാസുദേവൻ നായർ,ഒ.എൻ.വി. കുറുപ്പ്,അക്കിത്തം അച്യുതൻ നമ്പൂതിരി എന്നിവർക്ക് ലഭിച്ചു.എം ടി യുടെ സമകാലീനനാണ് രാധാകൃഷ്ണൻ.

തനിക്ക് ജ്ഞാനപീഠം അവാർഡ് കിട്ടാനുള്ള കുറുക്കു വഴിയും അവസരവാദ നീക്കങ്ങളുമാണ് സി രാധാകൃഷ്ണൻ ഇപ്പോൾ നടത്തുന്നത് എന്നാണ് ചില എഴുത്തുകാർ രഹസ്യമായി പറയുന്നത്.ഞാനപീഠവും ,പത്മശ്രീ അല്ലെങ്കിൽ പത്‌മവിഭൂഷൺ കിട്ടാൻ വേണ്ടിയാണ്ആർ എസ് എസിനെ വെള്ളപൂശുന്നതരത്തിൽ അദ്ദേഹം പ്രസംഗിച്ചതെന്നാണ് ആക്ഷേപം .വൈറലായ അദ്ദേഹത്തിന്റെ ഒരു മിനിറ്റ് പ്രസംഗം പൂർണ രൂപത്തിൽ താഴെ :

“വലിയ വലിയ കുറ്റങ്ങളിൽ പങ്കാളികളായ ആളുകളുടെ പട്ടികയിൽ ഏതെങ്കിലും ഒരു സംഘത്തിൽ ഉണ്ടായിരുന്ന ആളുകൾ ഇത്ര ശതമാനം ഉണ്ട് എന്ന കണക്കെടുപ്പടുപ്പ് നോക്കിയാൽ സംഘം കേരളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ മൊത്തം നടത്തിയ പ്രവർത്തനത്തിന്റെ ഫലം എന്താണെന്ന് മനസിലാവും .ഒരു ശതമാനത്തിൽ കൂടുതൽ വരില്ലെന്നാണ് എന്റെ ഉറപ്പ്.എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചാൽ മനുഷ്യ സ്വഭാവത്തിന്റെ രൂപീകരണത്തിൽ ഈ ഒരു പ്രസ്ഥാനം വഹിച്ച പങ്കിന്റെ ശക്തി കൊണ്ട് മാത്രമാണെന്നേ നമ്മുക്ക് പറയാൻ കഴിയൂ.”

ഇവിടെ സംഘം എന്ന് സി രാധാകൃഷ്ണൻ ഉദേശിച്ചത് സംഘപരിവാർ സംഘടനയാണ് .സംഘപരിവാർ എന്നാൽ ആർ എസ് എസ് ആണ് .ഒരു നൂറ്റാണ്ട് പൂർത്തീകരിക്കുന്ന ആര്‍എസ്എസിന്റെ ശതാബ്ദി പരിപാടികള്‍ക്ക് ഒരു വർഷമായി നടന്നുകൊണ്ടിരിക്കുകയാണ് .1925 ലാണ് ആർഎസ്എസ് സ്ഥാപിതമായത്.

ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്ക് വിജയദശമി ആഘോഷത്തോടെ തുടക്കമാകുകയാണ് .ആ ഘട്ടത്തിലാണ് ആർഎസ്എസുകാർ സന്തോഷിപ്പിക്കാൻ കുറ്റവാളികളിൽ ഒരു ശതമാനം പോലും ആർഎസ്എസുകാർ ഉണ്ടാവില്ലെന്ന തരത്തിൽ അദ്ദേഹം പ്രസംഗിച്ചത്.ഇതിൽ നിന്നും അദ്ദേഹത്തിന്റെ മോഹങ്ങൾ പൂവണിയുമോ എന്നാണ് കണ്ടറിയേണ്ടത്.ബിജെപി സി രാധാകൃഷ്ണന്റെ മോഹങ്ങൾ സഫലമാക്കുമോ ?

കമ്യൂണിസ്റ്റുകാർ ഇപ്പോഴും പ്രചരിപ്പിക്കുന്നത് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആർഎസ്എസുകാരനായ ഗോഡ്‌സെ ആണെന്നാണ് .ആ സമയത്താണ് സി രാധാകൃഷ്ണൻ കുറ്റവാളികളുടെ പട്ടികയിൽ സംഘപരിവാർ ഒരു ശതമാനം പോലും ഉണ്ടാകില്ലെന്ന പരാമർശം നടത്തിയത്.മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെ ആർഎസ്എസുകാരനല്ലെന്നും ഹിന്ദു മഹാസഭ എന്ന പാർട്ടിയുടെ നേതാവായിരുന്നുയെന്നാണ് ആർഎസ്എസ് വാദിക്കുന്നത്. ഗാന്ധിജി കൊല്ലപ്പെട്ട ശേഷം നെഹ്‌റു സർക്കാർ ആർഎസ്എസിനെ നിരോധിച്ചു എന്നത് ചരിത്രമാണ്.

ജന്മഭൂമിയിൽ സി രാധാകൃഷ്ണൻ പുരസ്‌കാരം സ്വീകരിച്ച വാർത്ത ഇപ്രകാരമാണ് .
:
“ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രവര്‍ത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യ ഭാഗമായ ‘രാഷ്‌ട്രീയ സ്വയംസേവക സംഘം കേരളത്തില്‍’ പ്രകാശനം ചെയ്തു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തകാര്യാലയമായ എളമക്കര മാധവനിവാസില്‍ നടന്ന ചടങ്ങില്‍ ആദ്യ പതിപ്പ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവനില്‍ നിന്ന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി

കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ആര്‍എസ്എസ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് സി. രാധാകൃഷ്ണന്‍ പറഞ്ഞു. ശാഖയില്‍ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. സംഘടനയെ ഇത്തരത്തില്‍ കെട്ടിപ്പടുക്കാനായി ശ്രമിച്ചവരെ ബഹുമാനിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.ജീവിതം എങ്ങനെയായിത്തീരണമെന്നത് സംബന്ധിച്ച് കുട്ടികള്‍ക്കിടയില്‍ ധാരണയുണ്ടാക്കാന്‍ സംഘത്തിന് സാധിച്ചു. ഈ പുസ്തകത്തിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ കൂടി എത്രയും വേഗം പുറത്തിറക്കണം. മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനും ശ്രമിക്കണം. ഇത് വരുംതലമുറകള്‍ക്ക് മാര്‍ഗദര്‍ശകമാകും, അദ്ദേഹം പറഞ്ഞു.

വേദിയിലുള്ള മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ. കൃഷ്ണന്‍, ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍ എന്നിവര്‍ എനിക്ക് ഗുരുതുല്യരാണ്. ഇരുവരും എന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പലപ്പോഴും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സി. രാധാകൃഷ്ണന്‍ പറഞ്ഞു.”

ഒരിക്കൽ മഹാകവി കുമാരനാശാന്റെ കൃതികളിൽ മൃഗ രതി ,ശവ രതി എന്നിവ ആരോപിച്ച് ഒരു എഴുത്തുകാരൻ എഴുതിയ ഗവേഷണ പ്രബന്ധത്തിനു അവതാരിക എഴുതി മുമ്പൊരിക്കൽ സി രാധാകൃഷ്ണൻ പുലിവാല് പിടിച്ചിരുന്നു.ഇപ്പോൾ ആർഎസ്എസിനെ വെള്ള പൂശിയതോടെ ബിജെപിയിൽ സി രാധാകൃഷ്‌ണൻ ചേരുമെന്ന പ്രചാരണം ശക്തമാണ്.അതോടെ അദ്ദേഹത്തിന്റെ മോഹങ്ങൾ പൂവണിയുമോ ?