നാടിന്റ ചരിത്രവും സംസ്‌കാരവും പൈതൃകവും അടയാളപ്പെടുത്തുന്ന മ്യൂസിയങ്ങള്‍ കൊല്ലം ജില്ലയില്‍ സ്ഥാപിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍.
ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, മ്യൂസിയം ഡയറക്ടര്‍ വി. എസ്. മഞ്ജുളാദേവി, എം. മുകേഷ് എം. എല്‍. എ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്‌ട്രേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് അറിയിച്ചത്.

അമൂല്യമായ ചരിത്രശേഷിപ്പുകളുടെ പ്രദര്‍ശനത്തിനൊപ്പം അവയുടെ സംരക്ഷണവും ഉറപ്പാക്കും. വിവിധ ഘട്ടങ്ങളിലായി വീണ്ടെടുത്ത പോയകാലത്തിന്റെ അടയാളങ്ങള്‍ തലമുറകള്‍ക്കായി കരുതിവയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തുറമുഖനഗരമായിരുന്ന കൊല്ലത്തിന്റെ പ്രൗഢകാലം വെളിവാക്കുന്ന കണ്ടെത്തലുകള്‍ മുമ്പ് നടത്തിയിട്ടുണ്ട്.

അത്തരം ഉദ്യമങ്ങളിലൂടെ ലഭിച്ച മൂല്യവത്തായ വസ്തുക്കള്‍ മ്യൂസിയങ്ങളുടെ പ്രത്യേകതയായി മാറും. മാരിടൈം മ്യൂസിയത്തിനുള്ള സ്ഥലം കണ്ടെത്തിയാലുടന്‍ അതു സാക്ഷാത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും. ദിവസങ്ങള്‍ക്കുള്ളില്‍ വിഖ്യാത ചിത്രകാരന്‍ എ. രാമചന്ദ്രന്റെ വിലമതിക്കാനാകാത്ത ചിത്രങ്ങളുടെ ശേഖരം ഉള്‍ക്കൊള്ളുന്ന ആര്‍ട്ട് ഗ്യാലറി ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും വ്യക്തമാക്കി.
