കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനു സാധ്യമായ എല്ലാ സഹായവും സംസ്ഥാനത്തിനായി ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘ദുരന്തമുണ്ടായ അന്നു രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. കേന്ദ്രസംഘത്തെ അതിവേഗം അയച്ചു. രക്ഷാപ്രവർത്തനത്തിനും ചികിത്സാസഹായത്തിനും വേണ്ടതെല്ലാം ചെയ്തു. വയനാട്ടിൽ ദുരന്തബാധിതരെ കാണുകയും അവരോടു നേരിട്ട് സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ഒരുപാട് കുടുംബങ്ങളുടെ സ്വപ്നമാണ് തകർന്നത്. അവരുടെ പുനരധിവാസം സുപ്രധാനമാണ്. ദുരന്തത്തെ കേന്ദ്ര സർക്കാർ ദുരന്തം നേരിടുന്ന ജനങ്ങൾക്കൊപ്പമാണ്.തടയാനാകില്ല. എന്നാൽ ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്തമാണ്.”
വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പാക്കേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കും എന്നും പുനരധിവാസത്തിന് പണം ഒരു തടസ്സമാകില്ല എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതർ ഒറ്റയ്ക്കല്ല, എല്ലാവരും ഈ ദുഃഖത്തിന്റെ ഘട്ടത്തിൽ അവരോടൊപ്പമുണ്ട്. കുടുംബം നഷ്ടപ്പെട്ട കുട്ടികളുണ്ട്. അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അക്കാര്യത്തിലും സംസ്ഥാനവുമായി സഹകരിച്ച് വേണ്ടതു ചെയ്യും എന്നും പ്രധാനമന്ത്രി പറഞ്ഞു
ഇന്ന് രാവിലെ വയനാടെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ ആകാശ നിരീക്ഷണം നടത്തിയ ശേഷം മുണ്ടക്കൈയിലെ ദുരന്തവ്യാപ്തി ദുരന്തമേഖലകളിൽ നേരിട്ടെത്തി കാര്യങ്ങൾ കണ്ടറിഞ്ഞു. ഉരുളെടുത്ത വെള്ളാർമല സ്കൂൾ പ്രദേശം നടന്നു കണ്ടു. ബെയ്ലി പാലത്തിലും മോദിയെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രെട്ടറി വി വേണു എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. സര്വ്വതും നഷ്ടപ്പെട്ടവരെ ക്യാമ്പിലെത്തിയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തിയും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു.