വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത സമൂഹമായി മാറുന്നതിനുമുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരാൻ ന്യൂജേഴ്സിയിൽ നിന്ന് നിക്ഷേപകരെ ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ശനിയാഴ്ച വൈകിട്ട് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ന്യൂജേഴ്സി ഗവർണർ ഫിൽ മർഫിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്തുന്നതിനായാണ് ന്യൂജഴ്സി ഗവർണർ ഫിൽ മർഫിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കൊച്ചിയിലെത്തിയത് . കേരളത്തിന്റെയും ന്യൂജഴ്സിയുടെയും വികസന രംഗത്തെ സമാനതകൾ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, നിക്ഷേപങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനും വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂജഴ്സിയിലെ വ്യവസായ പ്രമുഖരെ കേരളത്തിൽ നിക്ഷേപിക്കാൻ മുഖ്യമന്ത്രി ക്ഷണിച്ചു.

കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. വ്യവസായങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്നിവിടെയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ടൂറിസം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കേരളം ഇന്ന് നിക്ഷേപകർക്ക് പ്രിയപ്പെട്ട ഇടമാണ്. നൂറുശതമാനം സാക്ഷരതയും പ്രകൃതിസൗന്ദര്യവും കൂടാതെ വ്യവസായം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതും നിക്ഷേപകരെ ആകർഷിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് മാനത്താവളങ്ങളും 18 തുറമുഖങ്ങളുമുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നായ വിഴിഞ്ഞം തുറമുഖത്ത് ഡ്രഡ്ജിംഗും ഇല്ലാതെ തന്നെ വലിയ മദർഷിപ്പുകൾക്ക് അടുക്കാനുള്ള സൗകര്യമുണ്ട്. ഇതിന്റെ ആദ്യഘട്ടം പൂർത്തിയായിക്കഴിഞ്ഞു. അന്താരാഷ്ട്ര കപ്പൽപ്പാതയോടുള്ള സാമീപ്യവും റെയിൽ-ജലഗതാഗത സൗകര്യങ്ങളും വിഴിഞ്ഞത്തെ ഏഷ്യയിലെ മുൻനിര ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ ഒരു വിജ്ഞാന സമൂഹമായി മാറ്റിയെടുക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട്. അമേരിക്കയിലെ അക്കാദമിക് വിദഗ്ധരുമായി സഹകരിക്കുന്നതിനും മികച്ച മാതൃകകൾ പഠിക്കുന്നതിനും താല്പര്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ കൂടുതൽ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി, വിനോദസഞ്ചാര മേഖലയിൽ ഇരു സംസ്ഥാനങ്ങൾക്കും സഹകരിക്കാമെന്ന് സൂചിപ്പിച്ചു.
ന്യൂജഴ്സി സംഘത്തിന്റെ സന്ദർശനം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എ മുഹമ്മദ് ഹനീഷ്, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി ലോക് നാഥ് ബെഹ്റ, ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, സ്റ്റാർട്ടപ്പ് സി ഇ ഒ അനൂപ് അംബിക, ജില്ലാ കളക്ടർ ജി.പ്രിയങ്ക, സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, മറ്റ് സർക്കാർ വകുപ്പ് പ്രതിനിധികൾ, വ്യവസായ, സ്വകാര്യ കമ്പനി – സംരംഭക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ന്യൂജേഴ്‌സി-കേരള ബന്ധം കൂടുതൽ ശക്തമാക്കും: ഗവർണർ ഫിൽ മർഫി
അമേരിക്കൻ സംസ്ഥാനമായ ന്യൂജേഴ്‌സിയും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ന്യൂജേഴ്‌സി ഗവർണർ ഫിൽ ഡി മർഫി.

വ്യവസായം, ഉന്നത വിദ്യാഭ്യാസം, ജീവകാരുണ്യം, വ്യക്തിഗത ബന്ധങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച ഇക്കണോമിക് പാർട്ണർഷിപ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
സംയുക്ത നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, ഈ സമയം സന്ദർശനം നടത്താൻ പറ്റിയ സമയമല്ലെന്ന് പലരും പറഞ്ഞു. എന്നാൽ, വെല്ലുവിളികൾ നിലനിൽക്കുമ്പോൾ ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഫിൽ മർഫി പറഞ്ഞു.
കേരളത്തിൽ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനൊപ്പം തന്നെ , ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള തങ്ങളുടെ സ്ഥാപനങ്ങളിലൂടെ കേരളത്തിന് പ്രയോജനകരമായ സഹകരണ സാധ്യതകൾ ചർച്ച ചെയ്യാനുള്ള അവസരം കൂടിയാണിത്.

ന്യൂജേഴ്‌സിയിൽ ഏറ്റവും കൂടുതൽ മലയാളി സമൂഹമുള്ളത് ബെർഗൻ കൗണ്ടിയിലാണ് ഇത് ന്യൂജേഴ്‌സിയും കേരളവും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ഉദാഹരണമാണ്. താൻ ഗവർണറായി ചുമതയിയേറ്റ സമയം മുതൽ ഏകദേശം 3,000 തൊഴിലവസരങ്ങൾ ഇന്ത്യൻ കമ്പനികൾ ന്യൂജേഴ്‌സിയിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു ഗ്രൂപ്പിന്റെ ന്യൂജേഴ്‌സിയിലെ ആസ്ഥാനം തങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതാണെന്നും, ഇത് കൂടുതൽ നിക്ഷേപങ്ങളിലേക്കും തൊഴിലവസരങ്ങളിലേക്കും നയിക്കുമെന്നും ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ, മേയർ, ഉദ്യോഗസ്ഥർ, പോലീസ്, നീതിന്യായ ഉദ്യോഗസ്ഥർ തുടങ്ങിയവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഭാര്യ ടമ്മി മർഫിയും ന്യൂജേഴ്സിയിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ കേരളത്തിന്റെ സ്നേഹോപഹാരം മുഖ്യമന്ത്രി ന്യൂജെഴ്സി ഗവർണർക്ക് സമ്മാനിച്ചു. കേരളത്തിന്റെ വൈവിധ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ദൃശ്യ പ്രദർശനവും കലാവതരണവും അമേരിക്കൻ സംഘത്തിനായി സംഘടിപ്പിച്ചിരുന്നു.
