സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് താലിബാൻ ഭരണകൂടം നിരോധനമേർപ്പെടുത്തി.

അഫ്ഗാനിസ്ഥാനിൽ ഭരണം നടത്തുന്ന കടുത്ത ഇസ്ലാമിക തീവ്രവാദികളായ താലിബാൻ നയിക്കുന്ന ഭരണകൂടം സ്ത്രീകൾക്കെതിരെയുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ‘സമൂലമായ മാറ്റങ്ങൾ’ വരുത്തുന്നതിൻ്റെ ഭാഗമായി സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് താലിബാൻ നിരോധനമേർപ്പെടുത്തി. ഇത് വിദ്യാഭ്യാസ രംഗത്ത് നിന്ന് സ്ത്രീകളെ പൂർണ്ണമായും അകറ്റി നിർത്താനുള്ള താലിബാൻ്റെ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്.

മനുഷ്യാവകാശങ്ങൾ, ലൈംഗിക പീഡനം, സ്ത്രീകളുടെ അവകാശങ്ങൾ, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടെ 18 സർവകലാശാലാ കോഴ്സുകൾ താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കി.

സ്ത്രീകളെയും അവരുടെ അവകാശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളും പഠനവിഷയങ്ങളും ഇസ്ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് താലിബാൻ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ 18 സർവകലാശാലകളിൽ നിന്ന് 679 പുസ്തകങ്ങളാണ് നിരോധിച്ചത് എന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ 140 പുസ്തകങ്ങൾ സ്ത്രീകൾ എഴുതിയവയാണ്. ഇറാനിയൻ എഴുത്തുകാരുടെയും പ്രസാധകരുടെയും 310 പുസ്തകങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

താലിബാൻ അധികാരികളുടെ കാഴ്ചപ്പാടിൽ ‘അനാവശ്യമായ’തോ ‘ഇസ്‌ലാമികമല്ലാത്ത’തോ ആയ ഉള്ളടക്കങ്ങളുള്ള എല്ലാ പുസ്തകങ്ങളും നീക്കം ചെയ്യാനാണ് നിർദ്ദേശം . ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രി സിയാവുർ റഹ്മാൻ അരിയുബിയുടെ ഔദ്യോഗിക കത്തിലാണ് ഈ നിർദേശങ്ങൾ സർവകലാശാലകൾക്ക് നൽകിയത്.

ഉപയോഗിക്കുന്ന പുസ്തകങ്ങൾ ഉടൻ തന്നെ ഒഴിവാക്കണമെന്നും, പകരം ഇസ്ലാമിക നിയമങ്ങൾക്കും താലിബാൻ ഭരണകൂടത്തിൻ്റെ ആശയങ്ങൾക്കും അനുസൃതമായ പുതിയ പാഠപുസ്തകങ്ങൾ ഉപയോഗിക്കാൻ തുടങ്ങണമെന്നും കർശനമായി കത്തിൽ നിർദ്ദേശിക്കുന്നു.

താലിബാൻ 2021-ൽ അധികാരത്തിൽ വന്നതു മുതൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അടിച്ചമർത്തലുകൾ പതിവാണ്.പെൺകുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സർവകലാശാലകളിൽ പ്രവേശനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വേർതിരിവുകൾ നിർബന്ധമാക്കിയിട്ടുമുണ്ട്.