യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി. 1995-ൽ ശിവഗിരിയിൽ നടന്ന പൊലീസ് നടപടി ഏറെ വേദനയുണ്ടാക്കിയെന്നും മുത്തങ്ങയിലെ സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും എ.കെ ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ശിവഗിരിയിലേക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. അവിടെയുണ്ടായ സംഭവങ്ങൾ പലതും നിർഭാഗ്യകരമാണ്. തെരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാര കൈമാറ്റം നടത്തിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അത് നടപ്പാക്കുക സർക്കാരിന്റെയും പൊലീസിന്റെയും ചുമതലയാണ്. ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് പൊലീസിനെ അയക്കേണ്ടിവന്നത്. താൻ എന്തോ അക്രമം കാണിച്ചെന്നുപറഞ്ഞ് 21 വർഷമായി ആരോപണം ഉന്നയിക്കുകയാണെന്നും ആന്റണി പറഞ്ഞു.

മുത്തങ്ങ സംഭവത്തിലും ദുഃഖവും അധിയായ ഖേദവുമുണ്ട്. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നാൽ, മുത്തങ്ങ സമരക്കാലത്ത് 20 ആദിവാസികളെ പഞ്ചസാരയും മണ്ണെണ്ണയുമൊഴിച്ച് ചുട്ടെരിച്ചൂ എന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. മുത്തങ്ങ വന്യജീവി സങ്കേതമാണ്. അവിടെ കുടിൽ കെട്ടിയപ്പോൾ അവരെ ഇറക്കി വിടണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. പൊലീസ് ആക്ഷൻ ഉണ്ടായപ്പോൾ മാധ്യമങ്ങളും ചില രാഷ്ട്രീയ പാർട്ടികളും നിലപാട് മാറ്റി. മുത്തങ്ങ സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

21 വർഷമായി വീണ്ടും വീണ്ടും ആരോപണങ്ങൾ ആവർത്തിക്കുകയാണ്. ഞാൻ ആണെങ്കിൽ ഡൽഹിക്കും പോയി. കാര്യങ്ങൾ പറയാൻ ആരുമില്ല. ഇന്നലെ നിയമസഭയിലും ഇതുതന്നെ ആവർത്തിച്ചു. അതുകൊണ്ടാണ് ഇപ്പോൾ പ്രതികരണം നടത്തുന്നതെന്നും എ.കെ ആന്റണി പറഞ്ഞു. ശിവഗിരി ,മുത്തങ്ങ റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് എ കെ ആന്റണി കൂട്ടിച്ചേർത്തു .