കോന്തുരുത്തി പുഴ പുനരധിവാസ പാക്കേജ് ഹൈക്കോടതി വിധിക്ക് വിധേയമായി തുടർനടപടികൾ സ്വീകരിക്കും

കോടതി വിധി മുഖേന സർക്കാർ മുൻപ് അംഗീകരിച്ച 24.82 കോടി രൂപ 129 ഗുണഭോക്താക്കൾക്ക് സ്പെഷ്യൽ പുനരധിവാസ പാക്കേജായി വീതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് വിഷയം സബ്മിഷനായി നിയമസഭയിൽ ഉന്നയിച്ച് ടി.ജെ വിനോദ് എം.എൽ.എ

ഇതിനുള്ള മറുപടിയിൽ പദ്ധതിക്കായി 3716.10 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി പുതുക്കി നൽകിയിട്ടുണ്ട് എന്നും ഇതോടൊപ്പം കോന്തുരുത്തി കനാലിന്റെ ആഴവും വീതിയും വർധിപ്പിക്കുന്നതിന് 41.33 കോടി രൂപയും വകയിരുത്തിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രിക്ക് വേണ്ടി ദേവസ്വം വകുപ്പ് മന്ത്രി വാസവൻ അറിയിച്ചു

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നിര്‍വഹണ ഏജന്‍സിയായി നടപ്പാക്കുന്ന ഇന്റഗ്രെറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം (IURWTS) എന്ന പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട 6 കനാലുകള്‍ തെരഞ്ഞെടുത്തിരുന്നു. ഈ പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു എങ്കിലും കോന്തുരുത്തിപ്പുഴ പുനരധിവാസ പാക്കേജ് അതില്‍ ഉള്‍പ്പെട്ടിട്ടിരുന്നില്ല. പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്ന 129 കുടുംബങ്ങള്‍ 45 വര്‍ഷത്തിലധികമായി ചെറിയ വീടുകളും ഷെഡുകളും കെട്ടി താമസിക്കുകയാണെന്ന് ടി ജെ വിനോദ് എം.എൽ.എ ഇന്ന് നിയമസഭയിൽ ഉന്നയിച്ചു.

ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സമർപ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലെ ഉത്തരവ് പ്രകാരം 129 കുടുംബങ്ങളെ ഒഴിവാക്കി പ്രസ്തുത തോടിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനും അവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെയും ഭാഗമായി റവന്യു സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ചേര്‍ന്ന് പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ ഉത്തരവായി. ഈ വിധി നടപ്പാക്കാന്‍ ഒരു വര്‍ഷത്തെ കാലാവധിയും കോടതി ഉത്തരവിൽ കൊടുത്തിരുന്നു. പക്ഷേ, ഈ വിധി വന്ന് 5 വര്‍ഷം കഴിഞ്ഞിട്ടും ഇത് നടപ്പാക്കാന്‍ സംസ്‌ഥാന സർക്കാരിന് സാധിച്ചില്ല.

തലമുറകളായി അവടെ താമസിക്കുന്ന ഇവർക്ക് പുനരധിവാസത്തിന് ഭൂമി കണ്ടത്താൻ ബുദ്ധിമുട്ടായ സാഹചര്യത്തിൽ മുൻപ് സർക്കാർ കോടതിയിൽ ഭരണാനുമതിയായി എന്നറിയിച്ച 24.82 കോടി രൂപ മുൻപ് ഗുണഭോക്താക്കള്‍ക്ക് വീതിച്ച് നല്‍കാമെന്ന് സമിതി യോഗം നിര്‍ദ്ദേശിക്കുകയും അത് ഗുണഭോക്താക്കൾ സമ്മതിക്കുകയും ചെയ്താണ്. തുടര്‍ന്ന് പ്രസ്തുത 129 ഗുണഭോക്താക്കളും പ്രത്യേകം പ്രത്യേകം സമ്മതപത്രം നല്‍കുകയും ആയത് കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതുമാണ്. എന്നാൽ ഈ തുക എന്ന് ലഭിക്കുമെന്ന് യാതൊരു വിധ അറിയിപ്പുകളും ആർക്കും ലഭിച്ചിട്ടില്ല എന്നും ഈ തുക എങ്കിലും അടിയന്തിരമായി അനുവദിക്കണമെന്ന് സബ്മിഷൻ ഉന്നയിച്ച ടി.ജെ വിനോദ് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിൽ ലൈഫ് ഭൂരഹിത ഭവന രഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 56 കുടുംബങ്ങളെ ഒഴിവാക്കി ബാക്കി ഉള്ള കുടുംബങ്ങൾക്ക് കോർപറേഷൻ പരിധിയിൽ ഭൂമി വാങ്ങുന്നതിനു പരമാവധി 5.25 ലക്ഷം രൂപയും വീട് നിർമ്മിക്കാൻ 4 ലക്ഷം രൂപയും ഉൾപ്പടെ 9.25 ലക്ഷം രൂപ മാത്രമേ നിലവിലെ വ്യവസ്‌ഥകൾ പ്രകാരം നൽകുവാൻ കഴിയുകയുള്ളു എന്നുള്ള കാര്യം സർക്കാർ കോടതിയെ അറിയിച്ചിരുന്നു എന്ന് മന്ത്രി അറിയിച്ചു.

ഇതിനായി ചിലവാകുന്നതിൽ സർക്കാർ വിഹിതമായി 11.655 കോടി രൂപ നൽകുന്നതിനും സർക്കാർ തലത്തിൽ തീരുമാനം ആയിട്ടുണ്ട് എന്നും ഹൈക്കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച സമിതിയുടെയും വരാനിരിക്കുന്ന കോടതി വിധിക്കും വിധേയമായി മാത്രമേ തുടർനടപടികൾ ഉണ്ടാവുകയുള്ളു എന്നും മന്ത്രി അറിയിച്ചു.

പദ്ധതിക്കായി 3716.10 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകിയിട്ടുണ്ട് എന്നും ഇതോടൊപ്പം കോന്തുരുത്തി കനാലിന്റെ ആഴവും വീതിയും വർധിപ്പിക്കുന്നതിന് 41.33 കോടി രൂപയും വകയിരുത്തിയിട്ടുണ്ട് എന്നും മറുപടി പ്രസംഗത്തിൽ മന്ത്രി അറിയിച്ചതായി ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു.

പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പദ്ധതി നിർവഹണ ചുമതലയുള്ള കെ.എം.ആർ.എലിനു കൈമാറിയാൽ ഉടനെ നവീകരണ പ്രവർത്തികൾ ആരംഭിക്കും.