ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 2021ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത സ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് കങ്കണക്കെതിരെ കേസുണ്ടായത്. കങ്കണയുടേത് ഒരു റീട്വീറ്റ് മാത്രമല്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി കേസ് റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചത്.

പഞ്ചാബിലെ ബാത്തിന്‍ഡയില്‍ നിന്നുള്ള 73കാരിയായ മഹീന്ദര്‍ കൗറിന്റെ പരാതിയിലാണ് കങ്കണക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. മഹീന്ദ കൗറിനെ സി.എ.എക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളായും 100 രൂപ നല്കി കൗറിനെ പ്രതിഷേധക്കാര്‍ വാടകക്കെടുക്കുകയായിരുന്നുവെന്നും കങ്കണ എക്സിലൂടെ ചിത്രീകരിച്ചിരുന്നു. ഇതിനെതിരെയാണ് 73കാരി പരാതി നല്‍കിയത്.

കങ്കണക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഇതുമായി ബന്ധപ്പെട്ട ട്വീറ്റ് കങ്കണ റീട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ജസ്റ്റിസുമാരായ വിക്രം നാഥിന്റേയും സന്ദീപ് മേത്തയുടേയും മുമ്പാകെ വാദിച്ചു. എന്നാല്‍, ഈ വാദം അംഗീകരിക്കാന്‍ കോടതി തയാറായില്ല. തുടര്‍ന്ന് ഹരജി പിന്‍വലിക്കുകയാണെന്ന് കങ്കണയുടെ അഭിഭാഷകന് കോടതിയെ അറിയിക്കുകായിരുന്നു.

കഴിഞ്ഞ മാസം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും കേസുമായി ബന്ധപ്പെട്ട കങ്കണയുടെ അപ്പീല്‍ തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന ബാത്തിന്‍ഡ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് കങ്കണ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്.