പുഴയുടെ നടുവില്‍ കുടുങ്ങിയ നാലു പേരെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ സ്ത്രീ ഉള്‍പ്പെടെയുള്ള നാലു പേരെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ നടുവില്‍ പാറക്കെട്ടില്‍ കുടുങ്ങിയ നാലുപേരെയും വടംകെട്ടിയശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്. ആദ്യം പുഴയില്‍ കുടുങ്ങിയ പ്രായമായ സ്ത്രീയെ ആണ് കരയിലെത്തിച്ചത്. പിന്നീട് ഒരോരുത്തരെയായി കരയിലെത്തിക്കുകയായിരുന്നു.

ശക്തമായ നീരൊഴുക്കിനെ അതിജീവിച്ചാണ് അതീവദുഷ്കരമായ രക്ഷാദൗത്യം ഫയര്‍ഫോഴ്സ് നടത്തിയത്. പുഴയില്‍ നാലുപേരും കുടുങ്ങിയ ഉടനെ തന്നെ വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇവര്‍ കുടുങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

മൂലത്തറ റെഗുലേറ്ററിന്‍റെ ഷട്ടറുകൾ തുറന്നതോടെയാണ് ചിറ്റൂ൪ പുഴയിൽ വെള്ളം കൂടിയത്. അതിശക്തമായ നീരൊഴുക്കാണ് പുഴയിലുണ്ടായത്. ഇതോടെയാണ് പുഴയിലെ നീരൊഴുക്ക് ശക്തമായി ഉയര്‍ന്നത്. നർണി ആലാംകടവ് കോസ്‌വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങിയത്.