രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൗരവമുള്ള ആരോപണമാണെന്ന് മുൻ എം പി ടി എൻ പ്രതാപൻ

രാജിവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിക്കൊണ്ട് കോണ്‍ഗ്രസ് നേതാവും മുൻ എംപിയുമായ ടി എന്‍ പ്രതാപന്‍ രംഗത്ത് വന്നു.

“ രാഹുല്‍ മാങ്കൂട്ടത്തിലിനെതീരെ ഗൗരവമുള്ള ആരോപണമാണ് എന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു നിലപാടാണ് ഉള്ളത് . ഏത് പ്രസ്ഥാനങ്ങളിലുള്ളവരായാലും പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവരാണ്.അക്കാര്യത്തിൽ സംശയമില്ല.

വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണം. തന്റെ കൂടി നിലപാടാണ് കെ സി വേണുഗോപാലും വി ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളത്”, ടി എന്‍ പ്രതാപന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പാര്‍ട്ടി വിശദമായി തന്നെ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. പൊതുപ്രവര്‍ത്തകരെ സംബന്ധിച്ച് അവരുടെ വ്യക്തി ജീവിതവും സാമൂഹ്യജീവിതവും പൊതുസമൂഹം ഭൂതക്കണ്ണാടി വെച്ച് നോക്കുന്നതാണ്. വിമര്‍ശനം സ്വാഭാവികമായും വരും. രാഷ്‌ട്രീയമായ വിമര്‍ശനമൊക്കെ വരും. അത് വേറെ. എന്നാല്‍ വ്യക്തിജീവിതവും സാമൂഹ്യജീവിതവും ഒരു പൊതുപ്രവര്‍ത്തകന്‍ സൂക്ഷ്മതയോടെ കൊണ്ടുനടക്കേണ്ടതാണ് എന്ന പ്രതാപന്‍ കൂട്ടിച്ചേർത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പെൺ വേട്ടയ്‌ക്കെതിരെ ഒമ്പതോളം പരാതികളാണ് എ.ഐ.സി.സിക്ക് ലഭിച്ചത് എന്നാണ് അറിയുന്നത്. കേരളത്തിൽ നിന്നുള്ള പിന്നോക്കക്കാരനായ ഒരു മുന്‍ എം.പിയുടെ ഉന്നത വിദ്യാഭ്യാസം നേടിയ മകളും രാഹുലിനെതിരെ എ.ഐ.സി.സിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ആ കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയെന്നും പിന്നീട് ജാതിയിൽ താഴ്ന്നതാണ് എന്ന ആരോപണം ഉന്നയിച്ചു രാഹുല്‍ മാങ്കൂട്ടത്തിൽ അതില്‍ നിന്ന് പിന്മാറിയെന്നുമാണ് മുന്‍ എം.പിയുടെ മകളും പരാതിയില്‍ പറയുന്നത്. കോണ്‍ഗ്രസിലെ എല്ലാ നേതാക്കള്‍ക്കും ഇക്കാര്യം അറിയാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പല തവണ ഈ എം.പി രാഹുലിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി എന്നും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെന്നും വാർത്തകളുണ്ട്. പിന്നീടാണ് വിവാഹത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്.