തെരുവു നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റരുത് ;തെരുവു നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകരുത് സുപ്രീം കോടതി

ഡൽഹിയിലെ തെരുവു നായ പ്രശ്നം സംബന്ധിച്ച ഓഗസ്റ്റ് 11 ലെ ഉത്തരവ് പരിഷ്കരിച്ച് സുപ്രീം കോടതി. തെരുവു നായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന ഉത്തരവാണ് സുപ്രീം കോടതി തിരുത്തിയത്. നായകളെ പിടികൂടി വന്ധ്യംകരണം നടത്തുകയും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുകയും ചെയ്ത ശേഷം പിടികൂടിയ പ്രദേശത്തേക്ക് തന്നെ വിട്ടയയ്ക്കണമെന്ന് കോടതി നിർദേശിച്ചു.

തെരുവു നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെതാണ് തീരുമാനം. അതേസമയം, റേബീസ് ബാധിച്ചതും സംശയിക്കുന്നതുമായ നായകളെയും ആക്രമണ സ്വഭാവമുള്ള നായകളെയും തിരികെ വിടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

തെരുവു നായകൾക്ക് ഭക്ഷണം നൽകാൻ ഓരോ വാർഡിലും പ്രത്യേകം കേന്ദ്രങ്ങൾ വേണമെന്ന് മുനിസിപ്പൽ അധികാരികൾക്ക് കോടതി നിർദ്ദേശം നൽകി. ‘ഒരോ വാർഡിലും തെരുവുനായകളുടെ എണ്ണം പരിഗണിച്ച് ഭക്ഷണ കേന്ദ്രങ്ങൾ തയ്യാറാക്കണം. നായകൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലമാണെന്ന് നോട്ടീസ് ബോർഡുകളും സ്ഥാപിക്കണം. നായകൾക്ക് തെരുവിലും പൊതുസ്ഥലങ്ങളിലും ഭക്ഷണം നൽകുന്നത് യാതൊരു കാരണവശാലും അനുവദിക്കാനാവില്ല. ഇതിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും,’ കോടതി പറഞ്ഞു.

സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കണമെന്നും ബെഞ്ച് മുനിസിപ്പൽ അധികാരികൾക്ക് നിർദ്ദേശം നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വ്യക്തികൾക്കോ എൻജിഒകൾക്കോ എതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, തെരുവു നായകളെ ദത്തെടുക്കാൻ മൃഗസ്നേഹികൾക്ക് മുനിസിപ്പൽ സ്ഥാപനങ്ങളിൽ അപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു. തെരുവു നായകളെ ടാഗു ചെയ്ത് അപേക്ഷകന് നൽകും. എന്നാൽ, ദത്തെടുത്ത നായകൾ തെരുവുകളിലേക്ക് തിരികെ പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ദത്തെടുക്കുന്നവരുടെ കടമയായിരിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. വിഷയത്തിൽ, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കക്ഷി ചേർക്കണമെന്നും ബെഞ്ച് നിർദ്ദേശം നൽകി. വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള എല്ലാ അനുബന്ധ ഹർജികളും സുപ്രീം കോടതിയിലേക്ക് മാറ്റാനും കോടതി നിർദ്ദേശിച്ചു.