സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്ത പനിയെ തുടർന്ന് ഇന്നലെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവാകുകയായിരുന്നു. അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച താമരശേരി സ്വദേശിയായ കുട്ടിയുടെ സഹോദരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവായി.

രണ്ടു കുട്ടികൾക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു താമരശ്ശേരിയില്‍ ഒന്‍പത് വയസുകാരി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയയായിരുന്നു മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുട്ടിയുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണകാരണം മസ്തിഷ്കജ്വരമായിരുന്നു എന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ 49കാരന്റെ ആരോഗ്യനിലയിലും മാറ്റമില്ല.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആളുകളിൽ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. സാധാരണയായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
