നിർബന്ധിത മതപരിവർത്തനങ്ങൾക്കുള്ള ശിക്ഷ വർധിപ്പിക്കുന്ന നിയമ ഭേദഗതിക്ക് ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ മന്ത്രിസഭ അംഗീകാരം നൽകി. പുതിയ നിയമ പ്രകാരം ജീവപര്യന്തം തടവും 10 ലക്ഷം രൂപ വരെ പിഴയും വരെ വിധിക്കാം.
കുറ്റവാളികളെ തടയുകയും സംസ്ഥാനത്തിൻ്റെ തനിമ സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.2018 മുതൽ ഉത്തരാഖണ്ഡിൽ നിലവിലുള്ള നിയമത്തിൽ വരുത്തുന്ന രണ്ടാമത്തെ ഭേദഗതിയാണിത്. പുഷ്കർ സിംഗ് ധാമി രണ്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം 2022-ൽ ആദ്യ ഭേദഗതി വരുത്തിയിരുന്നു.
ജനസംഖ്യാപരമായ മാറ്റങ്ങളെയും മതപരിവർത്തന ശ്രമങ്ങളെയും കുറിച്ചുള്ള ആശങ്കകൾക്ക് ഈ ഭേദഗതി പരിഹാരമുണ്ടാകുമെന്ന് സർക്കാർ കരുതുന്നു.ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പോലീസിന് വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാം. അത് ജാമ്യം ലഭിക്കാത്ത കുററവുമായി മാറും.
2011-ലെ സെൻസസ് അനുസരിച്ച്, ഉത്തരാഖണ്ഡിലെ മതപരമായ ജനസംഖ്യാ കണക്കുകൾ ഇങ്ങനെയാണ് : ഹിന്ദുക്കൾ: 82.97%, മുസ്ലീങ്ങൾ: 13.95%, സിഖുകാർ: 2.34%, ക്രിസ്ത്യാനികൾ: 0.37%, ബുദ്ധമതക്കാർ: 0.15%, ജൈനമതക്കാർ: 0.09%, മറ്റുള്ളവർ: 0.02%,ഒരു മതത്തിലും വിശ്വസിക്കാത്തവർ: 0.11%.
നിലവിൽ ഉത്തരാഖണ്ഡിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് പരമാവധി 10 വർഷം തടവും 50,000 രൂപ പിഴയുമാണ്.പുതിയ ബിൽ പ്രകാരം തടവ് ശിക്ഷ 14 അല്ലെങ്കിൽ 20 വർഷം വരെ ഉയർത്താനും, കുറ്റകൃത്യത്തിൻ്റെ ഗൗരവം അനുസരിച്ച് ജീവപര്യന്തം വരെ നീട്ടാനും വ്യവസ്ഥയുണ്ട്.
ഓഗസ്റ്റ് 19-ന് ആരംഭിക്കുന്ന നിയമസഭയുടെ സമ്മേളനത്തിൽ ഈ നിയമനിർമ്മാണം കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(കടപ്പാട് കവർ ഫോട്ടോ:LIVE LAW )