ഫുട്ബോൾ ഇതിഹാസം അർജന്റീന താരം ലയണൽ മെസി ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. ഈ വർഷം ഡിസംബർ 13 മുതൽ 15 വരെ മൂന്ന് ദിവസത്തെ പര്യടനത്തിനായി മെസി ഇന്ത്യയിലേക്ക് വരുന്നു. ഫുട്ബോൾ മത്സരങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെങ്കിലും ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി പരിപാടികളിൽ ഇതിഹാസ താരം പങ്കെടുക്കുമെന്ന് മെസിയുടെ സന്ദർശനത്തിന് പിന്നിലുള്ള സ്പോർട്സ് പ്രൊമോട്ടർ സതദ്രു ദത്ത സ്ഥിരീകരിച്ചതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്ചു.
കൊൽക്കത്ത, ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നീ നാല് നഗരങ്ങൾ മെസി സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡിസംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് സന്ദർശനം അവസാനിക്കുന്നത്.

മറഡോണയെയും പെലെയെയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ് സതാദ്രു ദത്ത. ഈ വർഷം ആദ്യമാണ് അദ്ദേഹം മെസിയുമായി കൂടിക്കാഴ്ച നടത്തിത്.ഇന്ത്യയിലെ അർജന്റീനിയൻ ഫുട്ബോളിന്റെ വലിയ ആരാധകവൃന്ദത്തെക്കുറിച്ച് അദ്ദേഹം മെസിയോട് വിശദീകരിച്ചു. ആദ്യം മെസിയുടെ പിതാവിനെയാണ് കണ്ടത്.

അതിനുശേഷം ഫെബ്രുവരി 28 ന് മെസിയുമായി 45 മിനിറ്റ് കൂടിക്കാഴ്ച നടത്തി. എന്താണ് പദ്ധിയെന്ന് വിശദീകരിക്കാൻ മെസി ആവശ്യപ്പെട്ടു. എല്ലാം ബോധ്യപ്പെട്ടതോടെ അദേഹം വരാൻ സമ്മതം മൂളുകയായിരുന്നു എന്ന് സതദ്രു പറഞ്ഞു.
