ഫിലിം ചേംബറിന്‍റെ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിന്റെ അംഗത്വം വ്യാജം ;പിന്നിൽ തിരുവനന്തപുരം ലോബിയോ

മലയാള സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയായ ഫിലിം ചേംബറിന്‍റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സജി നന്ത്യാട്ട് രാജിവച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് രാജിയെന്ന് സജി പറഞ്ഞു. ആഗസ്റ്റ് മാസം 27 നു ഫിലിം ചേംബറിൽ തെരെഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പാണ് നാടകങ്ങൾ അരങ്ങേറിയത് .

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് സജി സാന്ദ്രാ തോമസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജി. എന്നാല്‍ ഫിലിം ചേംബറിലെ സജിയുടെ അംഗത്വം വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സജിയുടെ അംഗത്വം ഇന്ന് ചേര്‍ന്ന ചേംബര്‍ എക്സിക്യൂട്ടീവ് റദ്ദാക്കിയിരുന്നെന്ന് ചേംബര്‍ നേതൃത്വം അറിയിച്ചു. അംഗത്വം നഷ്ടമായതോടെയാണ് സജി രാജിവച്ചത് എന്നും ചേംബര്‍ വിശദീകരിച്ചു.ഈ മാസം തെരെഞ്ഞെടുപ്പ് നടക്കുവാൻ 16 ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സജിയുടെ അംഗത്വം വ്യാജമാണെന്ന് കണ്ടെത്തിയത്.ഇതിൽ നിന്നും മറ്റ് കാരണങ്ങളാണ് കാരണമെന്ന് വ്യക്തം.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് സമര്‍പിച്ച പത്രിക വരണാധികാരി തള്ളിയിരുന്നു. ചുരുങ്ങിയത് 3 സിനിമകൾ എങ്കിലും നിർമ്മിച്ചാല്‍ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.

സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാല്‍ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്‍റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെയും സമീപിച്ചിരിക്കുകയാണ് നിലവില്‍ സാന്ദ്ര തോമസ്.