പട്ടികവിഭാഗക്കാരെ അപമാനിച്ചുവെന്ന് കാട്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. സാമൂഹ്യപ്രവർത്തകനായ ദിനു വെയിലാണ് പരാതി നൽകിയത്. പട്ടികജാതി/ പട്ടികവർഗ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. പട്ടിക വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി അടൂർ ഗോപാലകൃഷ്ണൻ ചിത്രീകരിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇത് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമപ്രകാരം കുറ്റകരമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.

“അവരെ പറഞ്ഞു മനസിലാക്കണം ഇത് പൊതു ഫണ്ട് ആണ് ” എന്ന പ്രസ്താവന വഴി പട്ടികവിഭാഗത്തെ അറിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായി അടൂർ ഗോപാലകൃഷ്ണൻ ചിത്രീകരിക്കുകയാണ്. വ്യക്തിപരമായി ഒരാളെ ലക്ഷ്യംവെക്കാത്തതെങ്കിലും, വേദിയിൽ ഉണ്ടായിരുന്ന SC/ST വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തികളെയും , പ്രസ്തുത ഫണ്ടിന് നാളിതുവരെ അപേക്ഷിച്ച പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ട ആളുകളെയും സമൂഹ മാധ്യമങ്ങളും ടിവി ചാനലും വഴി ഇത് പ്രക്ഷേപണം ചെയ്തത് വഴി ഇത് കാണുന്ന താനടങ്ങുന്ന പട്ടിക വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തികളെയും അടൂരിന്റെ പ്രസ്താവന അപമാനിക്കുന്നുവെന്നും പരാതിയിൽ ദിനു വെയിൽ പറയുന്നു.
