ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്ന ബ്ലോഗർമാർക്കെതിരെ ഉപഭോക്ത കോടതിയെ സമീപിക്കാം

ഉടമയിൽ നിന്ന് പ്രതിഫലം കൈപ്പറ്റി ആകർഷകമായ പരസ്യ വാചകങ്ങളും, വാചക കസർത്തുകളും നൽകി സാധാരണക്കാരായ ആളുകളെ പ്രലോഭിച്ച് ഹോട്ടലുകളിൽ എത്തിപ്പിക്കുന്ന ബ്ലോഗർമാർക്കെതിരെ ഉപഭോക്ത കോടതിയെ സമീപിക്കാം.

ഇല്ലാത്ത അവകാശവാദങ്ങൾ നിരത്തി മരുന്നുകൾ വാങ്ങിപ്പിക്കുന്ന ഇൻഫ്ലുൻസർസ് എന്നിവർക്കെതിരെ ഉപഭോക്താക്കൾ കൺസ്യൂമർ കേസ് കൊടുത്താൽ, അവർ വെട്ടിലാകും. 2024 ലെ പതഞ്ജലി കേസിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്ന ആളുകൾക്കെതിരെസുപ്രീം കോടതി ശക്തമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ചില ആയുർവേദ ഉൽപ്പന്നങ്ങൾ വിൽക്കുവാൻ സ്വീകരിക്കുന്ന അവകാശവാദങ്ങൾ ഉപഭോക്ത നിയമത്തിനും, ഡ്രഗസ് ആൻഡ് മാജിക്കൽ റെമഡീസ് ആക്ട് എന്നിവയ്ക്കെതിരെയാണ്. ‘കേശമോഹിനി’ വെളിച്ചെണ്ണ ഉപയോഗിച്ചാൽ മുടി വളരും, ‘ശൃംഗാര ലേഹ്യം’ കഴിച്ചാൽ 80 വയസ്സിലും ചെറുപ്പമായിരിക്കും എന്നൊക്കെയുള്ള അവകാശവാദങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചില ഓർഗാനിക് ഉൽപ്പന്നങ്ങൾ, ആരോഗ്യത്തിന് നല്ലതാണെന്നും, ചില ആശുപത്രികളിലെ ഡോക്ടർമാർ നിന്ന് നിൽപ്പിൽ രോഗം മാറ്റും എന്നൊക്കെയുള്ള അവകാശവാദങ്ങൾ വച്ചു വിളമ്പുന്ന ബ്ലോഗേഴ്സ് സൂക്ഷിക്കണം. ഉപഭോക്താ ക്താക്കൾക്ക് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ പ്രൊമോട്ട് ചെയ്യുന്ന വ്യക്തി അർഹമായ നഷ്ടപരിഹാരം നൽകേണ്ടിവരും…

ഹോട്ടലിനെയും ഭക്ഷ്യ ഉൽപ്പന്നങ്ങളെയും പ്രമോട്ട് ചെയ്യുന്ന വ്യക്തികളും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ബ്ലോഗേഴ്സ് ഉദ്ധരിക്കുന്ന വാചകങ്ങളെ കണ്ണുമടച്ച് വിശ്വസിച്ചു ഭക്ഷണം കഴിച്ചതിനുശേഷം പ്രതീക്ഷിച്ചത്ര ഗുണമേന്മ ഇല്ലായെ ന്ന് തെളിയിക്കാൻ കഴിഞ്ഞാൽ, നഷ്ടപരിഹാരം നൽകി നൽകി പോക്കറ്റ് കാലിയാകും. മാത്രവുമല്ല കോടതി കയറിയിറങ്ങി നല്ല കാലം കോടതി വരാന്തയിൽ കഴിയേണ്ടിയും വരും. കഷ്ടകാലത്തിന് പണം കൊടുത്ത് ഭക്ഷണം വാങ്ങി കഴിച്ച ഉപഭോക്താവിന് ഏതെങ്കിലും രീതിയിലുള്ള ഭക്ഷ്യവിഷബാധ ഉണ്ടായാൽ പ്രശ്നം ഗുരുതരമാകും… അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഹോട്ടലുകളിൽ പോകുമ്പോൾ ഉപഭോക്താക്കൾ ബില്ല് സൂക്ഷിക്കുവാൻ മറക്കരുത്….. ഒരു മുൻകരുതൽ നമുക്കും വേണ്ടേ!!!

(തയ്യാറാക്കിയത് Adv. K. B MOHANAN. 9847445075 )