ഒമാനിൽനിന്നും കരിപ്പൂരിലെ വിമാനത്താവളത്തിലെത്തിയ യുവതിയിൽ നിന്ന്
ഒരുകിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍എസ് സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
പിടിയിലായ സൂര്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജ്യത്തിന് പുറത്ത് നിന്നും കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുള്ളത്.

നാലുദിവസം മുൻപ്, ജൂലൈ 16 നാണ് ജോലി തേടി സൂര്യ ഒമാനിൽ പോയത്. കണ്ണൂർ സ്വദേശിയായ പരിചയക്കാരൻ നൗഫലായിരുന്നു ഒമാനിലുണ്ടായിരുന്ന ബന്ധം. നാലാംദിവസം സൂര്യ നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് നൗഫൽ കയ്യിലൊരു ബാഗ് കൊടുത്തുവിട്ടു. കരിപ്പൂരിൽ നിന്ന് അത് സ്വീകരിക്കാൻ ആളെത്തുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ, കാത്തിരുന്നവരിൽ പൊലീസും ഉണ്ടാകുമെന്ന് സൂര്യ സ്വപ്നത്തിൽ പോലും കരുതിയില്ല.

പരപ്പനങ്ങാടി മൂന്നിയൂർ സ്വദേശികളായ മുഹമ്മദ് റാഫി, അലി അക്ബര്‍, ഷഫീഖ് എന്നിവരാണ് വിമാനത്താവളത്തിന് പുറത്ത് രണ്ട് കാറുകളിലായി സൂര്യയെ കാത്ത് നിന്നത്. സൂര്യയുടെ കൈയിൽ നിന്നും എംഡിഎംഎ വാങ്ങുക, സൂര്യയെ കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ ഇവരുടെ വാഹനം കണ്ട് കരിപ്പൂർ പൊലീസിന് തോന്നിയ സംശയമാണ് നിർണായക അറസ്റ്റിലേക്ക് എത്തിച്ചത്.
