കേരളത്തിലെ രാസലഹരിയുടെ ഒരു ഉറവിടത്തിനു പിന്നിൽ ബീഹാർ യുവതി

കേരളത്തിലെ രാസലഹരിയുടെ ഒരു ഉറവിടത്തിനു പിന്നിൽ ബീഹാർ യുവതിയാണെന്ന് കണ്ടെത്തൽ .കേരളത്തിലേക്കെത്തുന്ന രാസലഹരിയായ എംഡിഎംഎയുടെ പണം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിച്ചിരുന്ന ബിഹാര്‍ സ്വദേശിനി അറസ്റ്റിൽ.

പട്‌ന സ്വദേശിയായ സീമാ സിന്‍ഹയാണ് കോഴിക്കോട് എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. 98 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഫാസിര്‍, മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായതിന് പിന്നാലെ കേസ് അന്വേഷണം എക്‌സൈസ്- ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ഫാസിറിനേക്കൂടാതെ കോഴിക്കോട് പന്തീരാങ്കാവ് പുത്തൂര്‍മഠം സ്വദേശിയായ അബ്ദുള്‍ ഗഫൂറിനെയും എംഡിഎംഎ ബെംഗളൂരുവില്‍നിന്നും സംഘടിപ്പിക്കുന്നതിനും ഇതിന്റെ പണം സീമയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുന്നതിനും അറസ്റ്റ് ചെയ്തിരുന്നു.

ഇവര്‍ക്ക് എംഡിഎംഎ സംഘടിപ്പിച്ച് കൊടുക്കുന്നതെന്ന് കോഴിക്കോട് കരുവന്‍തിരുത്തി സ്വദേശിയായ പ്രജീഷ് എന്നയാളാണെന്ന് ഇതോടെ എക്‌സൈസിന് വിവരം ലഭിച്ചു. ഇയാള്‍ നല്‍കിയ അക്കൗണ്ടിലേക്കായിരുന്നു പണം അയച്ചതെന്ന് ഫാസിറും അബ്ദുല്‍ ഗഫൂറും മൊഴി നല്‍കി. എക്‌സൈസ് പ്രജീഷിനെ അറസ്റ്റ് ചെയ്തതോടെയാണ് ബിഹാര്‍ സ്വദേശിനിയിലേക്ക് അന്വേഷണമെത്തുന്നത്.