ദമ്പതികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് ആത്‍മഹത്യ ചെയ്തു

ദമ്പതികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം അയൽവാസിയായ യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി വടുതലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പച്ചാളം സ്വദേശി വില്യം ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊളളലേറ്റ ദമ്പതികളെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയൽവാസികളായ ഇരുവരും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നതായാണ് വിവരം. വൈകീട്ടോടെ ക്രിസ്റ്റഫറിന്റെയും മേരിയുടെയും വീട്ടിലെത്തിയ വില്യം ഇരുവരോടും സംസാരിക്കുന്നതിനിടെ കൈയിൽ കരുതിയ പെട്രോൾ അവരുടെ ദേഹത്തേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പൊള്ളലേറ്റ ദമ്പതികളുടെ പരിക്കുകൾ ഗുരുതരമാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചത്.തീ കൊളുത്തിയ ശേഷം യുവാവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

വില്യമിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ യുവാവിനെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വില്യമിന്റെ വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. എന്താണ് തീ കൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. നാളുകളായി ഇവർ തമ്മിൽ തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.