മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനമായ ഇന്ന് (18 -07 -2025 ) അദ്ദേഹത്തിന് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് സ്മൃതിസംഗമം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി . എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ തുടങ്ങി നിരവധിപേർ ചടങ്ങില്‍ പങ്കെടുത്തു.

ഉമ്മൻചാണ്ടിയുടെ ചരമവാർഷികം വിപുലമായാണ് കോൺഗ്രസ് ആചരിക്കുന്നത്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മൻ ചാണ്ടി സ്മൃതി സംഗമം’ ഇന്നു രാവിലെ 9നു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടിൽ ആരംഭിച്ചു . തുടർന്ന് സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു .കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു .

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകളുടെ താക്കോൽ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘സ്മൃതി സംഗമം തരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുൽ നിർവഹിക്കുകയും ചെയ്തു . ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാൻ ഉമ്മൻ ചാണ്ടി നടപ്പാക്കിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമാണു സ്മൃതിതരംഗം.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഇന്നു രാവിലെ 7നു കുർബാനയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക പ്രാർത്ഥനയും നടന്നു .പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിച്ചു. ഡിസിസി, മണ്ഡലം, വാർഡ് തലങ്ങളിലും അനുസ്മരണ പരിപാടികൾ ഇന്നു സംസ്ഥാനവ്യാപകമായി നടക്കുന്നുണ്ട് . വിവിധ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സന്നദ്ധ സേവന പരിപാടികൾ ഉൾപ്പെടെ നടത്തിയാണ് ഉമ്മൻ ചാണ്ടിയുടെ രണ്ടാം സ്മൃതി ദിനം ആചരിക്കുന്നത്.
