കേരള ഗവർണർക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.

കേരള ഗവർണർക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.രണ്ട് സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തിലാണ് ഗവര്‍ണര്‍ക്ക് തിരിച്ചടി കിട്ടിയത് . ഗവർണർ വിസിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. ഇതോടെ കെടിയു, ഡിജിറ്റല്‍ വിസിമാരായ സിസ തോമസ്, കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും

സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് താല്‍ക്കാലിക വിസിമാരെ നിയമിക്കണമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ വിധി. ഇതിനെതിരെയാണ് ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ അന്തിമ തീരുമാനം വരുന്നത് വരെ, വിസി മാര്‍ക്ക് താല്‍ക്കാലികമായി തുടരാമെന്ന് ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.

താല്‍ക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുതെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമന കാലതാമസം സര്‍വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. സ്ഥിര വിസി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.