പ്രധാനമന്ത്രിയുടെ സന്ദർശനം:മൂന്ന് നിർദേശവുമായി കേരളം

അടുത്താഴ്ച സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രിയുടെ മുമ്പാകെ ദീർഘകാലമായി ആവശ്യപ്പെട്ടു വരുന്ന പ്രധാനപ്പെട്ട മൂന്ന് നിർദേശങ്ങൾ കേരളം സമർപ്പിച്ചു.കിനാലൂരിൽ ഫീസിബിലിറ്റി പഠനം നടത്താൻ നിർദേശിക്കപ്പെട്ട കോഴിക്കോട് എയിംസ്, സമീപ വർഷങ്ങളിൽ പ്രകൃതിക്ഷോഭങ്ങൾ,

കോവിഡിന് ശേഷമുള്ള സാമൂഹിക വീണ്ടെടുക്കൽ തുടങ്ങിയ സാമ്പത്തിക വെല്ലുവിളികൾക്ക് പരിഹാരം,അടിസ്ഥാന സൗകര്യ വികസനവും പൊതുസേവനവും മെച്ചപ്പെടുത്തി പ്രാദേശികമായ സമതുലന വളർച്ചക്ക്പ്രത്യേക സാമ്പത്തിക പാക്കേജ്,കേരളത്തിൽ ഹൈസ്പീഡ് റെയിൽവേ ലൈനിന് അനുമതി എന്നീ കാര്യങ്ങളിൽ പ്രധാനമന്ത്രിയിൽ നിന്നുള്ള പ്രഖ്യാപനം പ്രതീക്ഷിച്ചുകൊണ്ടാണ് കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് ശുപാർശ സമർപ്പിച്ചത്

കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്നത് പത്ത് വർഷത്തിലേറെയായി സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.ഇതിനായി ഭൂമി കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ നിറവേറ്റിയ വിവരം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്.

കേന്ദ്രപരിഗണനയിലുള്ള ഈ പദ്ധതിയുടെ പൂർത്തീകരണം, വർദ്ധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്ങളെയും വയോജന സംരക്ഷണ പോരായ്മകളെയും തരണം ചെയ്യാൻ സഹായകമാവും.കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ ആധുനികവും ഉയർന്ന ശേഷിയുള്ളതുമായ റെയിൽ കണക്റ്റിവിറ്റി അത്യന്താപേക്ഷിതമാണ്.

ഹൈസ്പീഡ് അല്ലെങ്കിൽ സെമി-ഹൈസ്പീഡ് റെയിൽവേ ഇടനാഴി വരുന്നത് യാത്രാ സൗകര്യം വർദ്ധിപ്പിക്കുകയും യാത്രാ സമയം കുറയ്ക്കുകയും ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും സുസ്ഥിരമായ സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യുമെന്നും അദ്ദേഹം നിവേദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.