വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന സിനിമയായ ജനനായകൻ അടുത്തൊന്നും തിയേറ്ററുകളിലേക്ക് ഇല്ല

തമിഴ് സൂപ്പർ താരം വിജയ് രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിഗ് ബജറ്റ് ചിത്രമായ ‘ജനനായകനാ’യുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകർ. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജനനായകന്റെ റിലീസ് അനിശ്ചിതമായി നീളുകയാണ്. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചതോടെ ചിത്രം ഉടൻ തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

ഇപ്പോഴിതാ, ചിത്രം അടുത്തൊന്നും തിയേറ്ററുകളിലേക്ക് ഇല്ലെന്ന് വിവരങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ കനേഡിയൻ വിതരണക്കാരായ യോർക്ക് സിനിമയാണ് ജനനായകൻ ഏപ്രിൽ 30 ന് മുമ്പ് തിയേറ്ററുകളിൽ എത്തില്ലെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുൻകൂറായി ബുക്കിംഗ് നടത്തിയ ഉപഭോക്താക്കൾക്ക് പണം തിരികെ ലഭിക്കാൻ തങ്ങളുടെ പ്രാദേശിക തിയേറ്ററുകളിൽ ബന്ധപ്പെടണമെന്നും വിതരണക്കാർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.