‘കേരള സ്റ്റോറി എന്ന സിനിമ നാളെ റിലീസ് ചെയ്യില്ല;കോടതിയിൽ നിനുമിടക്കാല സ്റ്റേ

വിവാദ സിനിമ ‘കേരള സ്റ്റോറി 2’ പ്രദർശനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ചിത്രം നാളെ റിലീസ് ആകാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഇതോടെ ചിത്രത്തിന്റെ നാളത്തെ റിലീസ് മുടങ്ങി. സിനിമ മതസൗഹാർദത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ച കോടതി 15 ദിവസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

‘കേരള സ്റ്റോറി 2’ പ്രദർശിപ്പിക്കുന്നത് വാദം പൂർത്തിയാകും വരെ കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. സിനിമയുടെ ഉള്ളടക്കം മതേതര കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഹർജിക്കാരുടെ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജികൾ ഇന്ന് രാവിലെ 9.45-ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.

സിനിമ കണ്ട് കോടതി വിലയിരുത്തണമെന്ന നിർദ്ദേശത്തെ സമയപരിമിതി ചൂണ്ടിക്കാട്ടി കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ, സെൻസർ ബോർഡിന് പകരമാവില്ല കോടതി എന്ന നിർമാതാക്കളുടെ വാദത്തിന് കോടതി കൃത്യമായ മറുപടിയും നൽകി. കേരളത്തിന് അപഖ്യാതിയാണോ സിനിമയെന്നറിയാൻ ഉള്ളടക്കം പരിശോധിക്കണമെന്നും സിബിഎഫ്‌സിയോട് ഹൈക്കോടതി പറഞ്ഞു. സിനിമ പുറത്തിറങ്ങി നഷ്ടം സംഭവിച്ചതിന് ശേഷമല്ല അത് പുനഃപരിശോധിക്കേണ്ടതെന്ന് സെൻസർ ബോർഡിനെ കോടതി ഓർമിപ്പിച്ചു. ഹർജിക്കാരുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.

സിനിമയുടെ ടീസറിന്റെ പരിഭാഷ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന നിർമാതാക്കളുടെ വാദം കേരളത്തിന്റെ മതേതര പ്രതിച്ഛായയെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിക്കണം. സിനിമ കേരളത്തിന് അപഖ്യാതിയുണ്ടാക്കുന്നതാണോ എന്ന് ബോർഡ് കൃത്യമായി പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.

സിനിമ കോടതി കണ്ട് വിലയിരുത്തുന്നത് നിയമപരമല്ലെന്നും, സെൻസർ ബോർഡിന് മാത്രമാണ് അതിനുള്ള അധികാരമെന്നും നിർമാതാക്കൾ സത്യവാങ്മൂലത്തിൽ വാദിച്ചിരുന്നു. കോടതി സിനിമ വിലയിരുത്തുന്നത് സെൻസർ ബോർഡിന് പകരമാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഹർജിക്കാരുടെ ആശങ്കകൾ ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ഏതെങ്കിലും പ്രത്യേക മതത്തെയോ വിഭാഗത്തെയോ ബാധിക്കുന്ന ഭാഗങ്ങൾ സിനിമയിലില്ലെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല സിനിമയുടെ വിവാദമായ ടീസറും ട്രെയിലറും പിൻവലിക്കാമെന്ന് നിർമാതാക്കൾ കോടതിയിൽ ഉറപ്പ് നൽകിയിരുന്നു.

അതേസമയം, കേരള സ്റ്റോറി രണ്ടാം ഭാഗത്തിൽ പറയുന്നതിൽ എന്തെങ്കിലും കള്ളമുണ്ടെങ്കിൽ ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കണമെന്നും കാര്യങ്ങൾ കള്ളമാണെന്ന് തെളിഞ്ഞാൽ എന്നന്നേയ്ക്കുമായി താൻ ചലച്ചിത്ര നിർമാണം നിർത്തുമെന്നുമാണ് സംവിധായകൻ കാമാഖ്യ നാരായൺ സിങ് പ്രഖ്യാപിച്ചിരുന്നു. പൂർണമായും സത്യസന്ധമായാണ് കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗം നിർമിച്ചിരിക്കുന്നതെന്നുമാണ് സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങ് മുന്നോട്ട് വയ്ക്കുന്ന വാദം.