മുൻകാല അസുഖങ്ങളുടെ പേരിൽ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചുവോ?

കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും ഇൻഷുറൻസ് ക്ലെയിം ഉണ്ട്. രോഗത്തെ തുടർന്ന് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചാൽ എങ്ങനെയാണ് കാര്യങ്ങൾ ഡീൽ ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല. കമ്പനിയുടെ കോൺട്രാക്ട് വ്യവസ്ഥകൾ വായിച്ചു മനസ്സിലാക്കി, അവർ നൽകിയ റീജക്ഷൻ ലെറ്റർ പഠിച്ചുകൊണ്ട് ഉത്തരം നൽകുവാൻ ഉപഭോക്താക്കൾക്ക് സാധിക്കില്ലായെന്ന പ്രാഥമിക വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തിയാണ് കമ്പനികൾ ക്ലെയിം ധൈര്യപൂർവ്വം നിരസിക്കുന്നത്. മധുര മോഹന വാഗ്ദാനങ്ങൾ കൊണ്ട് നിങ്ങളെ വലയിൽ ആക്കിയ ഇൻഷുറൻസ് ഏജന്റ് റിജക്ഷൻ വരുമ്പോൾ കൈമലർത്തും. നിങ്ങൾ പ്രീമിയമായി നൽകിയ തുകയുടെ 21% വരെ ഏജന്റ് കമ്മീഷനായി കൈപ്പറ്റുന്നുണ്ടെന്ന വിവരം മനസ്സിലാക്കണം.

ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ നിങ്ങൾക്ക് മുൻപുണ്ടായ അസുഖങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് നിയമ പരമായി തെറ്റാണ്.

എന്നാൽ പ്രൊപ്പോസർ 45 വയസ്സിന് മുകളിലായിരിക്കയും യാതൊരുവിധ മെഡിക്കൽ പരിശോധനകളും നടത്താതെ അയാൾക്ക് പോളിസി നൽകുകയും പിന്നീട് ക്ലെയിം ആവശ്യപ്പെടുമ്പോൾ അയാളുടെ മുൻകാല അസുഖങ്ങൾ വെളിവാക്കിയില്ല എന്ന കാരണം നിരത്തിക്കൊണ്ട് ക്ലെയിം നിഷേധിക്കുന്നതും തട്ടിപ്പാണ്.

ഇൻഷുറൻസ് കമ്പനികൾ ഒരു നിശ്ചിത പ്രായത്തിന് മുകളിലുള്ള വ്യക്തികളുടെ രോഗ സാധ്യതകൾ വിലയിരുത്താൻ മെഡിക്കൽ പരിശോധനകൾ നടത്തേണ്ടതാണ്. എന്നാൽ അങ്ങനെ ചെയ്യില്ല.

ഇൻഷുറൻസ് കരാറുകൾ ഡോക്ട്രിൻ ഓഫ് അറ്റ്മോസ്റ്റ് ഗുഡ് ഫെയ്ത്ത് (ഉബെറിമ ഫൈഡ്സ്) അടിസ്ഥാനമാക്കിയുള്ളതാണ്.

ഈ ഉത്തരവാദിത്വം ഇൻഷ്വർ ചെയ്തയാൾക്ക് മാത്രമല്ല, ഇൻഷുറൻസ് കമ്പനിക്കും ബാധകമാണ്.

ശരിയായ മെഡിക്കൽ പരിശോധനയോ അന്വേഷണമോ ഇല്ലാതെ ഒരു പോളിസി നൽകാൻ ഇൻഷുറൻസ് കമ്പനി തീരുമാനിക്കുകയാണെങ്കിൽ, ഉപഭോക്താവ് രോഗവിവരം മനഃപൂർവ്വം വെളിപ്പെടുത്താത്തതെന്ന് രേഖകളുടെ അടിസ്ഥാനത്തിൽവ്യക്തമായി കമ്പനിക്ക് തെളിയിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഇൻഷുറൻസ് എടുത്ത വ്യക്തി രോഗ വിവരങ്ങൾ മറച്ചുവച്ച് എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് ക്ലെയിം നിഷേധിക്കുവാൻ സാധിക്കില്ല.

അതിനാൽ, പോളിസി നൽകുന്ന സമയത്ത് ഇൻഷുറർ ഉചിതമായ ജാഗ്രത പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, മുമ്പ് നിലവിലുള്ള രോഗം അടിച്ചമർത്തപ്പെട്ടതായി പിന്നീട് ആരോപിക്കാനുള്ള അവകാശം നഷ്ടപ്പെടും.

ചുരുക്കത്തിൽ:
ഒരു ഇൻഷുറർക്ക് പ്രൊപ്പോസൽ ഘട്ടത്തിൽ ഉറങ്ങാനും ക്ലെയിം ഘട്ടത്തിൽ ഉണരാനും കഴിയില്ല.

അവ്യക്തമായതോ പിന്തുണയ്ക്കാത്തതോ ആയ മെഡിക്കൽ രേഖകൾ ഹാജരാക്കിയാൽ മാത്രം പോരാ അവ എങ്ങനെ ഉപഭോക്താവിനെ ബാധിക്കുന്നുവെന്ന് കോടതിയിൽ കമ്പനി തെളിയിക്കേണ്ടി വരും.

ഏകപക്ഷീയമായ നിരസിക്കൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ പോരായ്മയ്ക്ക് തുല്യമാണ്. മാത്രവുമല്ല
അന്യായമായ വ്യാപാര തന്ത്രവുമാണ്.

തയ്യാറാക്കിയത്

Adv. K B MOHANAN
9847445075