കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം. കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡാണ് തകർന്നുവീണത്. സംഭവത്തിൽ മൂന്നു പേർ മരിച്ചു.

ഇന്ന് (23-02-2026 തിങ്കളാഴ്ച ) ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. ജോലിക്ക് ശേഷം കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്കാണ് കോൺക്രീറ്റ് സ്ലാബ് അടർന്നു വീണത്. അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്നു പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അഷ്റഫ്, ജബ്ബാർ, ബഷീർ എന്നിവരാണ് മരണപ്പെട്ടവർ. മൂന്നു പേരും ലോഡിങ് തൊഴിലാളികളാണ് .പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിൽ തുടരുകയാണ്.
സ്ലാബുകൾക്കിടയിൽ കുടുങ്ങിയവരെ മറ്റു തൊഴിലാളികളും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. സ്ലാബുകൾക്കടിയിലായി നിരവധി ബൈക്കുകളും കുടുങ്ങിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡാണ് തകർന്ന് വീണത്.

കെട്ടിടം അതീവ അപകടാവസ്ഥയിലാണെന്നും എത്രയും വേഗം ഒഴിയണമെന്നും കാട്ടി കോർപ്പറേഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നതായാണ് വിവരം. പൊളിക്കാൻ തീരുമാനിച്ച കെട്ടിടം എന്തിന് വാടകക്ക് നൽകിയെന്നും കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് കോഴിക്കോട് കോർപ്പറേഷനിലെ പ്രതിപക്ഷം ആവശ്യപ്പെട്ടു.

